ലോകത്തെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നൊരു ഹോട്ടൽ

News Desk
3 Min Read

ഇന്ന് ലോകത്തെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഇടം നേടാന്‍ ആഡംബര സൗകര്യങ്ങള്‍ മാത്രം പോര. വാസ്തുവിദ്യ, സാംസ്‌ക്കാരിക പ്രാധാന്യം, പരിസ്ഥിതി സൗഹൃദപരമായ നയങ്ങള്‍, രൂപകല്‍പനയിലെ മികവ് എന്നിവയെല്ലാം ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ഹോട്ടലിനെ സവിശേഷമാക്കാന്‍ സഹായിക്കാറുണ്ട്.

ലോകത്തെ ഏറ്റവും മനോഹരമായ ഹോട്ടലുകള്‍ക്ക് നല്‍കുന്ന പ്രി വെര്‍സായ് പുരസ്‌ക്കാരങ്ങള്‍ ഇത്തരം ഘടകങ്ങളെ കൂടി ആശ്രയിച്ചുള്ളതാണ്. പ്രി വെര്‍സായി പ്രഖ്യാപിച്ച 2026ലെ ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നൊരു ഹോട്ടലും ഇടംപിടിച്ചിട്ടുണ്ട്.

1. ദി ആര്‍ക്കേഡിയ പ്ലേസ്, ലുഗു ലേക്ക്(ചൈന)

സി ചുവാനിലെ മനോഹരമായ പര്‍വതത്തിന് മുകളിലെ തടാകത്തോട് ചേര്‍ന്നാണ് ദി ആര്‍ക്കേഡിയ പ്ലേസ് സ്ഥിതി ചെയ്യുന്നത്. ആകാശം മുട്ടി നില്‍ക്കുന്ന മല നിരകളാണ് ഈ ആഡംബര ഹോട്ടലിന്റെ കാവല്‍ക്കാര്‍. പ്രാദേശിക ഗോത്രവിഭാഗമായ മോസുവോ ജനതയുടെ പുരാതന സാംസ്‌ക്കാരിക സവിശേഷതകളും ജീവിതരീതികളും കൂടി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അടുത്തറിയാനാവും.

2. ദി സില്‍ക്ക് ലേക്ക് ഹൗസ്, ഷാംഗ്രി-ലാ ഹാങ്ഷൗ(ചൈന)

പട്ടികയിലെ രണ്ടാമത്തെ ഹോട്ടലും ചൈനയില്‍ നിന്നു തന്നെ. പഴയകാല പട്ടു വ്യാപാരികളുടെ വസതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മിതിയാണ് ദി സില്‍ക്ക് ലേക്ക് ഹൗസിന്റേത്. ഇവിടെ നിന്നും വെസ്റ്റ് ലേക്കിന്റേയും ഹാങ്ഷൗ നഗരത്തിന്റേയും മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും വിധമാണ് ഇവിടുത്തെ 68 ഗസ്റ്റ് ഹൗസുകളും സ്യൂട്ടുകളും ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ റൂഫ്‌ടോപ് ‘സ്‌കൈ ഗാര്‍ഡനും’ പ്രസിദ്ധമാണ്.

3. സര്‍ പ്രാഗ്, പ്രാഗ്(ചെക്ക് റിപ്പബ്ലിക്)

വിഖ്യാതമായ വല്‍റ്റോവ നദിക്കരയില്‍ പ്രാഗ് നഗരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നായ ഡാന്‍സിങ് ഹൗസിന് സമീപത്താണ് സര്‍ പ്രാഗ് സ്ഥിതി ചെയ്യുന്നത്. നിയോ നവോത്ഥാന കാലഘട്ടത്തില്‍ നിര്‍മിച്ച പൈതൃക മന്ദിരത്തിലാണ് ഈ ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. സോഹോ ഹൗസിന്റെ ഡിസൈനര്‍ ഡയറക്ടര്‍ ലിന്‍ഡ ബൊറോങ്കെ രൂപകല്‍പന ചെയ്ത 76 അത്യാധുനിക മുറികളാണ് ഇവിടുത്തെ സവിശേഷത.

4. ചീഗാവുഹോഫ് ലേക്ക് സൈഡ് റിട്രീറ്റ് (ജര്‍മനി)

മിലാനിലെ വാസ്തുശില്‍പി മത്തേവു തുന്‍ ആണ് ഈ ആഡംബര ഹോട്ടല്‍ രൂപകല്‍പന ചെയ്തത്. ബവേറിയയിലെ ചീംസീ തടാകക്കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റേയും പര്‍വത നിരകളുടേയും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന 28 എക്‌സ്‌ക്ലുസീവ് സ്യൂട്ടുകള്‍, നിയന്ത്രിത ഊഷ്മാവിലുള്ള ഔട്ട്‌ഡോര്‍ പൂള്‍, ആധുനിക ബൂട്ടിക്ക് വെല്‍നസ് ഏരിയ എന്നിവയെല്ലാം ഇവിടുത്തെ താമസം വേറിട്ടതാക്കുന്നു.

5. ലാ ഫൗണ്ടേഷന്‍(ഫ്രാന്‍സ്)

നൂറ്റാണ്ടിലേറെക്കാലത്തെ പരമ്പര്യമുള്ള സാന്താ ഫെ പ്ലാസയിലെ ആഡംബര ഹോട്ടലാണിത്. ഓരോ മുറിയും തനതായ യഥാര്‍ഥ പെയിന്റിങുകളാലും കലാസൃഷ്ടികളാലും സമ്പന്നം. ഇവിടുത്തെ ന്യൂ മെക്‌സിക്കന്‍ വിഭവങ്ങളും ബെല്‍ ടവര്‍ ബാറില്‍ കോക്ടെയില്‍ രുചിച്ചുകൊണ്ട് സന്ധ്യാനേരം ആസ്വദിക്കുന്നതുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടവയാണ്.

6. ലെ റോഷ്(ഫ്രാന്‍സ്)

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഈ ഹോട്ടല്‍ മികച്ച ഭക്ഷണത്തിനും താമസ സൗകര്യത്തിനും പ്രസിദ്ധമാണ്. കഴിഞ്ഞകാലങ്ങളില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ഹംഫ്രി ബൊഗാര്‍ട്ട്, ലോറന്‍ ബേക്കല്‍, ഫ്രാന്‍സ്വാ സാഗന്‍ എന്നിങ്ങനെയുള്ള ലോകോത്തര പ്രതിഭകളും ഭരണാധികാരികളും ഇവിടേക്ക് അതിഥികളായെത്തിയ ചരിത്രവും ലെ റോഷിനുണ്ട്.

7. ദി ടെലിഗ്രാഫ് ഹോട്ടല്‍(ജോര്‍ജിയ)

പ്രസിദ്ധ ഡിസൈനര്‍ സ്റ്റുഡിയോ നേരി ആൻഡ് ഹു ആണ് ഇവിടുത്തെ മുറികള്‍ സജീകരിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ സോവിയറ്റ് വാസ്തുവിദ്യയും ആധുനിക ആഡംബര സൗകര്യങ്ങളുമുള്ള ഹോട്ടലാണ് ദി ടെലിഗ്രാഫ്. ജോര്‍ജിയന്‍ തലസ്ഥാനമായ റ്റ്ബിലിസിയിലെ സാമൂഹ്യ സാംസ്‌ക്കാരിക കൂട്ടായ്മകളുടെ കേന്ദ്രം കൂടിയാണ് ഈ ഹോട്ടല്‍.

8. വില്ല ഡുബ്രോവ്‌നിക്

സ്റ്റുഡിയോ ആര്‍തര്‍ കാനോസ് രൂപകല്‍പന ചെയ്തതാണ് വില്ല ഡുബ്രോവ്‌നിക്. ഇവിടുത്തെ ഓരോ മുറിയിലും ആധുനിക സൗകര്യങ്ങളും മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളുമുണ്ട്. വലിയ ചില്ലു ജാലകങ്ങളും അതിലൂടെ കാണാനാവുന്ന അഡ്രിയാറ്റിക് കടലിന്റേയും ഡുബ്രോവ്‌നിക്കിലെ പഴയ നഗരത്തിന്റേയും മനോഹരമായ കാഴ്ചകളാണ് ഈ ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം.

9. ദി ഒബ്‌റോയ് രാജ്ഗഡ് പാലസ്(ഇന്ത്യ)

മധ്യപ്രദേശിലെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന 350 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ് ദി ഒബ്‌റോയ് രാജ്ഗഢ് പാലസായി മാറിയത്. മനോഹരമായ തോട്ടങ്ങളും മഴവെള്ളം നിറഞ്ഞൊഴുകുന്ന തടാകമാണ് പ്രധാന സവിശേഷത. ബുന്ദേല്‍ഖണ്ഡ് പാരമ്പര്യവും രാജകീയ പ്രൗഢിയും ചേരുന്ന കൊട്ടാരമാണിത്. പന്ന നാഷണല്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്നും മിനിറ്റുകളുടെ മാത്രം ദൂരമേയുള്ളൂവെന്നതും മറ്റൊരു സവിശേഷതയാണ്.

10. ഓറിയന്റ് എക്‌സ്പ്രസ് ലാ മിനര്‍വ(ഇറ്റലി)

റോമിന്റെ ഹൃദയഭാഗത്ത് എന്നാല്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന മനോഹരമായ ഹോട്ടലാണ് ഓറിയന്റ് എക്‌സ്പ്രസ് ലാ മിനര്‍വ. റോം നഗരത്തിന്റേയും വിഖ്യാതമായ പാന്തിയോണിന്റേയും മനോഹര കാഴ്ചകള്‍ ഇവിടുത്തെ റൂഫ്‌ടോപ് റസ്റ്ററന്റ് ബാറിലെത്തിയാല്‍ ആസ്വദിക്കാം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article