ദുബായ്: രാജ്യാന്തര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് നൂറുകണക്കിന് ജീവനുള്ള അപൂർവയിനം ജീവികളെ ദുബായ് കസ്റ്റംസ് പിടികൂടി. വിമാനത്താവള ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വന്യജീവി വേട്ടകളിലൊന്നാണിത്.
ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ടെർമിനലിൽ യാതൊരു അടയാളങ്ങളുമില്ലാതെ കിടന്ന ബാഗ് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പതിവ് പരിശോധനകളുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് ജീവികളെ കണ്ടെത്തിയത്.
വസ്ത്രങ്ങൾക്കും മറ്റ് വ്യക്തിഗത സാധനങ്ങൾക്കും പകരം ബാഗിനുള്ളിൽ പ്രത്യേകം തരംതിരിച്ച നിലയിലായിരുന്നു ജീവികളെ സൂക്ഷിച്ചിരുന്നത്. 129 ഗൗളിവർഗത്തിൽപ്പെട്ട പല്ലികൾ (ലിസാർഡ്സ്), 36 തേളുകൾ, എട്ട് പാമ്പിൻ കുഞ്ഞുങ്ങൾ, 50 തവളകൾ എന്നിവയുൾപ്പെടെ ആകെ 223 ജീവികളെയാണ് കസ്റ്റംസ് കണ്ടെടുത്തത്. എല്ലാത്തിനും ജീവനുമുണ്ടായിരുന്നു. പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും രാജ്യാന്തര വ്യാപാരം തടയുന്നതിനുള്ള രാജ്യാന്തര കൺവെൻഷന്റെ (സിഐടിഇഎസ്) സംരക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടവയാണെന്നാണ് പ്രാഥമിക നിഗമനം.
∙ രാജ്യാന്തര കടത്ത് തടയാൻ കർശന നടപടി
സംഭവത്തെത്തുടർന്ന് ദുബായ് കസ്റ്റംസ് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി അടിയന്തരമായി ബന്ധപ്പെടുകയും ജീവികൾക്ക് ആവശ്യമായ പരിചരണവും വിദഗ്ധ പരിശോധനയും ഉറപ്പാക്കുകയും ചെയ്തു. വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപരമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വൻ ലാഭം കൊയ്യുന്ന ഒരു സംഘടിത കുറ്റകൃത്യമായി വന്യജീവി കടത്ത് മാറിയിരിക്കുകയാണെന്നും ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഇത് വലിയ ഭീഷണിയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
രാജ്യാന്തര വ്യാപാരത്തിന്റെയും യാത്രാ സർവീസുകളുടെയും പ്രധാന കേന്ദ്രമെന്ന നിലയിൽ ദുബായ് വഴി നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അത്യാധുനിക സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.
അതിർത്തി സംരക്ഷണം എന്നത് നിരോധിത സാധനങ്ങൾ പിടികൂടുന്നതിൽ മാത്രമല്ല, മറിച്ച് പ്രകൃതിവിഭവങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം കൂടി ഉറപ്പാക്കുന്നതാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഈ വൻ വേട്ടയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
