ലോകം ഇനി മസ്കിന്റെ പോക്കറ്റിൽ; വരുന്നു ചരിത്രത്തിലെ ആദ്യ ‘ട്രില്യണയർ’; ആഗോള സമ്പന്നരിലെ ലക്ഷകോടീശ്വരൻ!

malayalampress
2 Min Read
  • വൻകിട കോടീശ്വരന്മാർ ഒന്നിച്ചാൽ പോലും മസ്കിന് പിന്നിൽ നിൽക്കാനേ സാധിക്കൂ
ഇന്റർനാഷണൽ ഡെസ്ക്: ആഗോള സമ്പന്നരുടെ പട്ടികയിൽ പുതിയൊരു ചരിത്രം കുറിക്കാൻ ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ളയാൾ) എന്ന പദവിയിലേക്കാണ് മസ്ക് അടുക്കുന്നത്. നിലവിലെ പ്രവചനങ്ങൾ ശരിയാണെങ്കിൽ മസ്കിന്റെ ആസ്തി വൈകാതെ തന്നെ 1 ട്രില്യൺ ഡോളർ (ഏകദേശം 94.95 ലക്ഷം കോടി രൂപ) കടക്കുമെന്ന് കരുതാം. പ്രമുഖ മാധ്യമമായ സിഎൻഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ടെസ്‌ലയിലെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം മാത്രം നിലവിൽ 273 ബില്യൺ ഡോളറാണ്. ഇതിന് പുറമെ സ്പേസ് എക്സ് കമ്പനിയുടെ ഐപിഒ കൂടി യാഥാർത്ഥ്യമാകുന്നതോടെ മസ്കിന്റെ സമ്പാദ്യത്തിലേക്ക് 841 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കപ്പെടും.
ബാങ്കിൽ കിടക്കുന്ന പണമായിട്ടല്ല, മറിച്ച് വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തമായാണ് ഈ സമ്പത്ത് മസ്കിന്റെ കൈവശമുള്ളത്. അതിനാൽ തന്നെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് ഇതിന്റെ മൂല്യത്തിൽ മാറ്റം വരാം. എങ്കിലും ഈ ഭീമമായ തുകയ്ക്ക് മുന്നിൽ പല വൻകിട രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ പോലും ചെറുതാണെന്നതാണ് വാസ്തവം.
തായ്‌വാൻ (977 ബില്യൺ ഡോളർ), അയർലൻഡ് (779 ബില്യൺ ഡോളർ), സ്വീഡൻ (760 ബില്യൺ ഡോളർ), സിംഗപ്പൂർ (660 ബില്യൺ ഡോളർ) തുടങ്ങിയ വികസിത രാജ്യങ്ങളുടെ വാർഷിക സാമ്പത്തിക ഉൽപ്പാദനത്തേക്കാൾ (ജിഡിപി) കൂടുതലാണ് മസ്കിന്റെ വരാനിരിക്കുന്ന ആസ്തി. വൻകിട കോടീശ്വരന്മാർ ഒന്നിച്ചാൽ പോലും മസ്കിന് പിന്നിൽ നിൽക്കാനേ സാധിക്കൂ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ആകെ ആസ്തി ഒന്നിച്ച് ചേർത്താൽ പോലും (ഏകദേശം 1.09 ട്രില്യൺ ഡോളർ) അത് ഇലോൺ മസ്കിന്റെ പ്രൊജക്റ്റ് ചെയ്ത ആസ്തിയോട് ഒപ്പമേ എത്തൂ.
മസ്കിന് വേണമെങ്കിൽ ആഗോള കായിക ടീമുകളെ ഒന്നാകെ വാങ്ങാം ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമുള്ള 50 കായിക ടീമുകളുടെ ആകെ മൂല്യം 353 ബില്യൺ ഡോളറാണ്. അതായത് മസ്കിന്റെ ആസ്തിയുടെ മൂന്നിലൊന്ന് പോലും വരില്ല ഇത്. വിചാരിച്ചാൽ ലോകത്തിലെ പ്രമുഖ കായിക ടീമുകളെല്ലാം മസ്കിന് സ്വന്തമാക്കാം. അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരവും എണ്ണ-വാതക വ്യവസായ ഹബ്ബുമായ ഹൂസ്റ്റണിലെ മുഴുവൻ വാണിജ്യ പ്രോപ്പർട്ടികളുടെയും ആകെ മൂല്യം 879 ബില്യൺ ഡോളറാണ്. ഇതിലും എത്രയോ മുകളിലാണ് മസ്കിന്റെ ഏകദേശ ആസ്തി.
ആഗോള ധനകാര്യ കേന്ദ്രമായ മാൻഹട്ടന്റെ 2024-ലെ വാർഷിക സാമ്പത്തിക ഉൽപ്പാദനത്തിന് (1 ട്രില്യൺ ഡോളർ) തുല്യമാണ് മസ്ക് സ്വന്തമാക്കാൻ പോകുന്ന ഈ മഹാസമ്പത്ത്. വരും നാളുകളിൽ വിപണി ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടം ഇലോൺ മസ്കിന് സ്വന്തമാകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!