നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ തീരുമാനം; മകൾക്ക് ആശ്രിത നിയമനം നൽകും

News Desk
1 Min Read

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി.

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതിന് പിന്നാലെ നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്.

നവീൻ ബാബുവിൻ്റെ മരണത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടർ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിൻ്റെ വിവരം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് മുതൽ നവംബർ വരെയുള്ള സിഡിആർ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സിഡിആർ വിവരങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ച് കേസ് ജൂൺ ഒന്നിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.

നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടിരുന്നത്. കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ശേഖരിച്ചിരുന്നത്. പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയതെന്ന ആരോപണത്തിൽ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിരുന്നു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article