ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

News Desk
1 Min Read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അമ്മയുടെ പങ്കാളി അഷ്‌കര്‍ കുഞ്ഞിനെ ഉപദ്രവിച്ചതായി പോലീസിനോട് സമ്മതിച്ചു.

ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോള്‍ പ്രകോപിതനായി മര്‍ദ്ദിച്ചു. തല ഭിത്തിയിലിടിപ്പിച്ചു എന്നായിരുന്നു അഷ്‌കറിന്റെ മൊഴി. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഷ്‌കര്‍ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. അതിക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ട്. കാലില്‍ ഉള്‍പ്പെടെ 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കാലില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തി. ഒന്നര വയസ്സുമാത്രമുള്ള അര്‍ഷിദ് നേരിട്ടത് കൊടിയ വേദനയാണ്.

കുട്ടിയെ മരണത്തില്‍ അമ്മക്കും പങ്കിട്ടെന്നു വ്യക്തമായിട്ടുണ്ട്. അഷ്‌കറിനെ പീഡനം അറിയാമായിരുന്നെന്നാണ് അഖില പോലീസിന് നല്‍കിയ മൊഴി. അഖില പറയുന്നത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അപ്പൂപ്പനും അമ്മൂമ്മയും നിരന്തരം ശ്രമിച്ചിട്ടും കുഞ്ഞിനെ നല്‍കാന്‍ അമ്മ അഖില തയാറായിരുന്നില്ല.
കരിക്കുഴിയിലെ വാടകവീട്ടില്‍ ആരുമായും അടുപ്പമില്ലാതെയായിരുന്നു അഷ്‌കറും അഖിലയും താമസിച്ചിരുന്നത്. കുഞ്ഞിനെ ആരോടും ഇടപഴകാന്‍ അനുവദിച്ചിരുന്നില്ല. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അഷ്‌കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാര്‍ അഷ്‌കറിനെ കയ്യേറ്റം ചെയ്തു. കുഞ്ഞിനെ അച്ഛന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിരുന്നില്ല. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് അഖില ഭര്‍ത്താവിനെയും ഭര്‍തൃവീടിനെയും ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. അതിനും ഒമ്പത് വര്‍ഷം മുമ്പ് അച്ഛന്റെ മൂത്തയാളായ സഹോദരിയും മരിച്ചു.

രണ്ട് മക്കളെയും നഷ്ടപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയും പേരക്കുട്ടിയെ തങ്ങള്‍ വളര്‍ത്തിക്കോളാമെന്ന് അഖിലയെ പലവട്ടം അറിയിച്ചിരുന്നു. കുഞ്ഞിന്റെ ജനനമോ നൂലുകെട്ടോ ഒന്നും അഖില ഇവരെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞതോടെ കുടുംബത്തിന് സംശയമായി. കുഞ്ഞിനെ വിട്ടുകിട്ടാനായി ഇവര്‍ ശ്രമം നടത്തുന്നതിനിടെയാണ് കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!