‘വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയാൽ പൗരത്വം ഇല്ലാതാകില്ല; സുപ്രീം കോടതി

News Desk
1 Min Read

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കിയത് കൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകില്ലെന്ന് സുപ്രീം കോടതി. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ അധികാരങ്ങളുണ്ടെങ്കിലും, ഒരാൾ രാജ്യത്തെ പൗരനാണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കാൻ കമ്മീഷന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.വോട്ടർപട്ടികയിൽ പേര് ചേർക്കാനോ ഒഴിവാക്കാനോ ഉള്ള യോഗ്യത പരിശോധിക്കാൻ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വ രേഖകൾ പരിശോധിക്കാനാകൂ. പൗരത്വ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള സ്വതന്ത്രമായ അധികാരം കമ്മീഷനില്ല.

വോട്ടർപട്ടികയിലെ പ്രത്യേക പരിശോധനയിലൂടെ പേര് നീക്കം ചെയ്യപ്പെട്ടതുകൊണ്ട് ഒരാളുടെ പൗരത്വം റദ്ദാക്കപ്പെടുന്നില്ല. നിയമപരമായ നടപടിക്രമങ്ങളിലൂടെ ഇത്തരക്കാർക്ക് വോട്ടവകാശം പുനഃസ്ഥാപിക്കാൻ സാധിക്കും. വോട്ടർപട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വോട്ടർ വെരിഫിക്കേഷൻ പോലുള്ള നടപടികളുമായി കമ്മീഷന് മുന്നോട്ട് പോകാം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക വ്യക്തത വരുത്തൽ.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article