കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ചിത്ര ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്സിജന്‍ സഹായം നഷ്ടപ്പെട്ടതോടെ ജീവന് നഷ്ടമായതെന്ന് ചിത്ര അഭയ് പറയുന്നു.
അച്ഛന് മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നത്. അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. അര്‍ധരാത്രി 12 മണിയോടെ കറന്റ് പോയി. തുടര്‍ന്ന് ഓക്സിജന്‍ ലെവല്‍ 39, 40ലേക്ക് എത്തി. ഇതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാര്‍ വിളിച്ചു. എന്നാല്‍ എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ വാങ്ങിയില്ല എന്നാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു.
ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകള്‍ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവര്ക്കും ഇന്‍വെര്‍ട്ടര്‍ വാങ്ങാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സര്‍ക്കാരിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ചിത്ര അഭയ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
