ഇറാൻ-യുഎസ് ചർച്ച വഴിത്തിരിവിലേക്ക്; യുദ്ധം അവസാനിപ്പിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്

News Desk
1 Min Read

വാഷിങ്ടണ്‍: യുദ്ധവിരാമം സംബന്ധിച്ച് ഇറാനും അമേരിക്കയും ധാരണാപത്രത്തിൽ ഉടൻ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്. തെഹ്റാനിൽ നടന്ന ചർച്ചയിൽ നിർണായക പുരോഗതിയുള്ളതായി പാക് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചതായി പാകിസ്താനിലെ ഇറാൻ അംബാസഡർ അറിയിച്ചു. പുതിയ നിർദേശം ഇറാനും പാകിസ്താനും അമേരിക്കക്ക് കൈമാറി.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രം ഏതാണ്ട് പൂർത്തിയായതായും ആഗോളതലത്തിൽ ഏറെ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കരാറിന്റെ അവസാനവട്ട ചർച്ചകളും വിശദാംശങ്ങളും പുരോഗമിക്കുകയാണ്. വിഷയത്തിൽ അമേരിക്കയുടെ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന ഉപദേശകരുമായി കരട് നിർദ് ചർച്ച ചെയ്തതായി ട്രംപ് അറിയിച്ചു.

സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ, ജെ.ഡി വാൻസ് എന്നിവരുമായി ഇന്ന് യോഗം ചേർന്നായിരിക്കും തീരുമാനമെടുക്കുക. യുദ്ധവിരാമം ലക്ഷ്യമിട്ട് 14 ഇന ധാരണാപത്രമാണ് ഇറാൻ കൈമാറിയത്. ഗൾഫ് ഉൾപ്പെടെ പ്രധാന രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ഫോണിൽ സംസാരിച്ചു. കരാറിനോടുള്ള എതിർപ്പ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത ഭീഷണികൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് പുതിയ സമാധാന നീക്കം. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് താൻ അത് താൽക്കാലികമായി മാറ്റിവെച്ചതെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!