ഹോർമുസിൽ യു.എസ്. നാവിക ഉപരോധം; പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായും സ്തംഭിപ്പിക്കാൻ ഇറാൻ

News Desk
1 Min Read

ടെഹ്‌റാൻ: പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം ബുധനാഴ്ച രാവിലെ പ്രാബല്യത്തിൽവന്നതായി യു.എസ്. സൈന്യം അറിയിച്ചു. ഇറാന്റെ കപ്പലാക്രമണത്തിനുള്ള മറുപടിയായാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുകപ്പലുകളുടെ പോക്കുവരവ് തടയാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി.

അതിനു തിരിച്ചടിയായി പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായും സ്തംഭിപ്പിക്കുമെന്ന് ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ഭീഷണിമുഴക്കി. “എണ്ണയും വാതകവും കയറ്റി അയക്കാൻ ഒന്നുകിൽ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കുമാകണം. അല്ലെങ്കിൽ ആരെയും അനുവദിക്കില്ല” -ഐ.ആർ.ജി.സി. പറഞ്ഞു.

ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതിനുശേഷം ഇറാൻ ഹോർമുസ് അടച്ചതോടെ ഏപ്രിലിൽ യു.എസും തിരിച്ച് നാവികഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജൂൺ 17-ന് ഇടക്കാല വെടിനിർത്തൽക്കരാർ പ്രാബല്യത്തിലായതോടെ ഇരുഭാഗവും ഇതിൽനിന്നു പിൻമാറി. എന്നാൽ, രണ്ടാഴ്ചയായി ഹോർമുസിലെ ബദൽപ്പാതയിലൂടെ പോകുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടാൻ തുടങ്ങിയതോടെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു.

ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണാവകാശം തങ്ങൾക്കാണെന്നാണ് ഇറാൻ പറയുന്നത്. ടോൾ ഈടാക്കാനും ലക്ഷ്യമിടുന്നു. ഹോർമുസിലെ ഏക അംഗീകൃത പാത ഇറാന്റെ നിയന്ത്രണത്തിലുള്ളതാണെന്നും മറ്റുവഴികളിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ നിലപാട്.

ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്നും അതിനായി അവ ചരക്കുമൂല്യത്തിന്റെ 20 ശതമാനം ടോൾ നൽകണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഗൾഫ് നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷം നിലപാടു മാറ്റി. ടോൾവാങ്ങില്ലെന്നും കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുപകരമായി ഗൾഫ് രാഷ്ട്രങ്ങൾ യു.എസുമായി വ്യാപാരക്കരാറുണ്ടാക്കണമെന്നും കൂടുതൽ നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article