ലക്നൗ: ട്രെയിനിലെ ആളൊഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഛപ്രയിൽ നിന്ന് ലക്നൗവിലേക്കു സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി എസ് വൺ സ്ലീപ്പർ കോച്ചിൽ കയറിയ ശുചീകരണ തൊഴിലാളിയാണ് ബർത്തിനു താഴെ സംശയാസ്പദമായ രീതിയിൽ ലോഹ പെട്ടിയും ബാഗും കണ്ടത്. അസ്വാഭാവികത തോന്നിയതോടെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടി.
വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സ്ഥലത്തെത്തി. പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ യുവതിയുടെ ഉടൽ ഭാഗം കണ്ടെത്തി. ഏതാണ്ട് മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിക്കടുത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തി. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിനു സാധിച്ചില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിട്ടുണ്ടെന്നും മറ്റു നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
