ദമാം: ഹരിത രാഷ്ട്രീയ തണലിൽ പ്രവാസലോകത്തെ കുടുംബങ്ങൾക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക, സംസ്കാരികരംഗങ്ങളിൽ സജീവവും ക്രിയാത്മകവുമായ ഇടപെടൽ ലക്ഷ്യം വെച്ച് കൊണ്ട് പുതിയ ചുവടുവെപ്പും പുതിയ കാലത്തിന്റെ നിയോഗവുമായ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു.
കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ കീഴിലുള്ള ഒൻപത് സെൻട്രൽ കമ്മിറ്റികളിലായി നിലവിൽ പ്രവർത്തിച്ച് വരുന്ന വിവിധ വനിതാ കമ്മിറ്റികളിൽ നിന്നും, തിരഞ്ഞെടുത്ത പതിനെട്ട് ഭാരവാഹികൾ അടങ്ങുന്ന പ്രഥമ പ്രവിശ്യ വനിതാ കമ്മിറ്റിയേ യാണ് റോസ് ഗാർഡൻ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ വനിതാ സംഗമത്തിൽ വെച്ച് കെ.എം സി.സി ഈസ്റ്റേൺ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വ്യക്തിത്വ വികസനം മുതൽ പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുത്ത് അവയ്ക്ക് ഭൗതികവും ആത്മീയവുമായ പരിഹാരം കണ്ടെത്താനും ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് കൃത്യമായ ഗൃഹപാഠം നടത്തി പാർട്ടി നിയമാവലികൾ പാലിച്ച് കർമ്മപഥത്തിൽ മുന്നേറാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടേയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രസിഡന്റ് ഷബ്‌ന നജീബ്, ജനറൽ സെക്രട്ടറി റുഖിയ റഹ്‌മാൻ, ഓർഗനൈസിംഗ് സെക്രട്ടറി സുമയ്യ ഫസൽ, ട്രഷറർ നാജിറ ശംസുദ്ധീൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ഭാരവാഹികൾ. സാഫ്രോൺ മുജീബ്, സാജിത നഹ, ഹാജറ സലീം, ഫൗസിയ റഷീദ്, സുലൈഖ ഹുസൈൻ, ഷാനിബ ഉമ്മർ, സുമയ്യ ബീവി എന്നിവർ വൈസ് പ്രസിഡന്റുമാരും ഫസ്ന മഹമൂദ്, നെജിമോൾ, ഫസീന ഇഖ് ബാൽ, സമീഹ സമദ്, സീനത്ത് അഷ്‌റഫ്, സൽമ അഫ്സൽ, നജ്‌ല അസ്ഹർ എന്നിവർ സെക്രട്ടറിമാരുമാണ്.
നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സംഗമം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ രംഗത്ത് കേരളത്തിലെ സ്ത്രീ വോട്ടർമാർ കാണിച്ച ജാഗ്രതയും പ്രതികരണശേഷിയും ചൂണ്ടിക്കാണിച്ച അദ്ദേഹം ജീവകാരുണ്യ പ്രവർത്തനം വിശ്വാസത്തിൻ്റെ ഭാഗമാണെങ്കിൽ, കെ.എം.സി.സി വനിതാവിങ്ങിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള പ്രവർത്തന വഴിയിൽ സംസ്കാരിക പ്രവർത്തനവും ചേർത്ത് നിർത്തലുമാണ് വേണ്ടതെന്നും ഓർമ്മിപ്പിച്ചു.
നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, നാഷണൽ കമ്മിറ്റി സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ, നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ ഷാജി ആലപ്പുഴ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. പ്രവർത്തന മണ്ഡലത്തിലെ പ്രായോഗിക രീതികളെ കുറിച്ച് ഷാഫി മാസ്റ്ററും വനിതാ കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖ പ്രവിശ്യ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് കൊടുവള്ളിയും അവതരിപ്പിച്ചു.
ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം നടന്ന വനിതാ സമ്മേളനത്തിൽ പ്രവിശ്യ വർക്കിംഗ് പ്രസിഡന്റ് ഖാദർ മാഷ് വാണിയമ്പലം, അമീർ അലി കൊയിലാണ്ടി സെൻട്രൽ, ജില്ലാ കമ്മിറ്റി നേതാക്കളായ, സൈനു കുമളി, ഇഖ്ബാൽ ആനമങ്ങാട്, ഉമ്മർ ഓമശേരി, കെ.പി ഹുസൈൻ വേങ്ങര, നജീബ് ചീക്കിലോട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, വനിതാ കമ്മിറ്റി ഭാരവാഹികളായ ഷബ്‌ന നജീബ്, സുമയ്യ ഫസൽ, നാജിറ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു. പ്രവിശ്യ കമ്മിറ്റി ആക്റ്റിംഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുസ്സമദ് വനിതാ കമ്മിറ്റി പ്രഖ്യാപന സമ്മേളനത്തിന് സ്വാഗതവും ട്രഷറർ അഷ്‌റഫ് ഗസ്സാലി നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
