വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാൻ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരമൊരു ‘ചിതറിക്കിടക്കുന്ന’ നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തിൽ തന്‍റെ മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നുകിൽ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകർക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്ന് സൈനിക നീക്കങ്ങൾക്കുള്ള പുതിയ പ്ലാനുകൾ താൻ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.
അതേസമയം, യുദ്ധം തുടരുന്നതിന് കോൺഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും പ്രസിഡന്‍റ് നൽകി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മാർച്ച് രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച് നിയമപരമായ 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കോൺഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്. മുൻപ് ഒരു പ്രസിഡന്‍റും ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം തെറ്റായി അവകാശപ്പെടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
