ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാം പനി മാരകമായി പടര്‍ന്നുപിടിക്കുന്നു. 64 ജില്ലകളില്‍ 58ഉം രോഗത്തിന്റെ പിടിയിലാണ്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം 250ഓളം മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 30,000ത്തിലധികം പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായും റിപോര്‍ട്ടുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് അസുഖം കൂടുതലായും ബാധിക്കുന്നത്. 80 ശതമാനവും കുട്ടികളെയാണ് രോഗം പിടികൂടിയത്. ധാക്ക (പ്രത്യേകിച്ച് ചേരിപ്രദേശങ്ങളായ കൊരളി, മിര്‍പുര്‍, ജത്രബാരി), രാജ്ഷാങി, ഛത്തോഗ്രാം, ഖുല്‍ന എന്നിവിടങ്ങളിലാണ് രോഗം കൂടുതലായും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് മൂലമുള്ള പ്രതിരോധ ശേഷിക്കുറവ്, സാധാരണ പ്രതിരോധ കുത്തിവെപ്പുകളിലെ തടസ്സങ്ങള്‍, വാക്‌സിന്‍ അപര്യാപ്തത തുടങ്ങിയവയാണ് രോഗം പടരാന്‍ ഇടയാക്കിയതെന്ന് ലോകാരോഗ്യ സംഘടനയും ‘സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യ’യും പറയുന്നു.
രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് കുറവാണ്. അഞ്ചാംപനി പടരുന്നത് തടയാന്‍ ഏപ്രില്‍ അഞ്ചുമുതല്‍ അടിയന്തര വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 18 ദശലക്ഷം കുട്ടികളെ കേന്ദ്രീകരിച്ചാണ് ഏപ്രില്‍ അഞ്ചിന് അടിയന്തര വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമിട്ടത്. ഇതിനു പുറമെ, ദേശീയ തലത്തില്‍ വിപുലമായ വാക്‌സിനേഷന്‍ മെയ് മൂന്നിന് ആരംഭിക്കാനും പദ്ധതിയുണ്ട്.

