കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി വഴി ഇന്ത്യൻ പൗരന്മാർക്ക് നൽകി വന്നിരുന്ന സഊദി ട്രാൻസിറ്റ് വിസാ സേവനങ്ങൾ അടിയന്തരമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 15-ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. സഊദി അറേബ്യയിലെ വരാനിരിക്കുന്ന ഹജ്ജ് സീസൺ കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവിലുള്ള ക്രമീകരണമനുസരിച്ച് സഊദി ട്രാൻസിറ്റ് വിസയ്ക്കുള്ള അപേക്ഷകൾ ഇനി മുതൽ എംബസി സ്വീകരിക്കുകയോ നടപടികൾ പൂർത്തിയാക്കുകയോ ചെയ്യില്ല. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഊദി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണിത്. സഊദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണം.
ഇമിഗ്രേഷൻ നിയമങ്ങളിലെ മാറ്റങ്ങൾ, ട്രാൻസിറ്റ് നടപടിക്രമങ്ങൾ, വിസയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ എയർലൈനുകളിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയ ശേഷം മാത്രമേ യാത്രാ പദ്ധതികൾ തയ്യാറാക്കാവൂ എന്ന് എംബസി നിർദ്ദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.

