വാലൻ്റൈൻസ് ഡേ ആഘോഷത്തിന് പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

malayalampress
1 Min Read

ഹരിയാന: ഹരിയാനയിൽ വാലൻ്റൈൻസ് ഡേ ആഘോഷത്തിന് പിന്നാലെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയോടൊപ്പം വാലൻ്റൈൻസ് ഡേ ആഘോഷിച്ചതിന് ശേഷമായിരുന്നു കൊലപാതകം.

ബാങ്ക് ജീവനക്കാരിയായ മഹക്ക് ആണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റായ ഭർത്താവ് അൻഷുൽ ധവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്തി തീർക്കുവാനും അൻഷുൽ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് പിന്നീട് അൻഷുൽ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന അൻഷുൽ അജ്ഞാതരായ അക്രമികൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചതായും ഭാര്യയുടെ കഴുത്തറുത്തതായും പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചയുടൻ അൻഷുലിൻ്റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചു. കഥ പലപ്പോഴും മാറ്റിപ്പറഞ്ഞ അൻഷുലിന് അക്രമികളെ കുറിച്ച് വിവരിക്കാൻ പോലും സാധിക്കാത്തത് പൊലീസിനെ സംശയത്തിലാഴ്ത്തി. കർശനമായ ചോദ്യം ചെയ്യലിനൊടുവിൽ പൊട്ടിക്കരഞ്ഞു കൊണ്ട് അൻഷുൽ തന്നെ ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ എച്ച്ഡിഎഫ്‌സി ബാങ്കിൽ ജോലി ചെയ്തിരുന്ന മഹാക്കിൻ്റെ സ്വഭാവത്തിൽ അൻഷുലിനുണ്ടായിരുന്ന സംശയം ഇവർക്കിടയിൽ പതിവായി തർക്കങ്ങൾ ഉണ്ടാകുന്നതിന് കാരണമായിരുന്നു. ഈ സംശയമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മഹാകിൻ്റെ പിതാവ് കൃഷ്ണ കതൂരിയ തുടക്കം മുതൽ തന്നെ അൻഷുലിനെതിരെ സംശയം ഉന്നയിച്ചിരുന്നു. കൊലപാതക സമയത്ത്, വിരലടയാളം അവശേഷിപ്പിക്കാതിരിക്കാൻ അൻഷുൽ കയ്യുറകളും ധരിച്ചിരുന്നു. ആദ്യം മഹാകിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നായിരുന്നു ഇരുവരുടേയും വിവാഹം.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!