കണ്ണീരും അപമാനവും നിറഞ്ഞ 7 വർഷങ്ങൾ: ഒടുവിൽ കോടതി പറഞ്ഞു: ‘രമേശൻ കള്ളനല്ല’

News Desk
1 Min Read

മാവേലിക്കര: ഒടുവിൽ കോടതി പറഞ്ഞു; രമേശൻ കള്ളനല്ല!. കണ്ണീരും അപമാനവും നിറഞ്ഞ 7 വർഷങ്ങളുടെ ഓർമയിൽ രമേശൻ ചിരിച്ചു. വയോധികയുടെ മാല മോഷ്ടിച്ചെന്ന കേസിൽ 47 ദിവസം റിമാൻഡിൽ കഴിഞ്ഞ ചെട്ടികുളങ്ങര കൈതതെക്ക് രമേശ് കുമാറാണ് (രമേശൻ – 65) ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചത്. ആണയിട്ടു പറഞ്ഞിട്ടും പൊലീസും ബന്ധുക്കളും അവഗണിച്ച സത്യം ഒടുവിൽ മാവേലിക്കര മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു.

2019 നവംബർ 26നു പുലർച്ചെ ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിനു പോയ വയോധികയുടെ മാല പൊട്ടിച്ചു എന്നായിരുന്നു കേസ്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവ ദിവസം തന്നെ രമേശനെ അറസ്റ്റ് ചെയ്തു. റിമാൻഡിലായ രമേശനെ ജാമ്യത്തിലിറക്കാൻ ആരും എത്തിയില്ല.

47 ദിവസം ജയിലിൽ കിടന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണു ബന്ധുവിന്റെ സഹായത്തോടെ ജാമ്യത്തിലിറക്കിയത്. ഇതിനിടെ ചെട്ടികുളങ്ങര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 18 മാല മോഷണം നടത്തിയ പത്തിയൂർ സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങരയിൽ വയോധികയുടെ മാല മോഷ്ടിച്ചതു താനാണെന്ന് ചോദ്യം ചെയ്യലിനിടെ അയാൾ പൊലീസിനോടു സമ്മതിച്ചു. എന്നാൽ വയോധിക ആദ്യം നൽകിയ മൊഴിയിൽ ഉറച്ചുനിന്നതോടെ രമേശൻ നിയമപോരാട്ടത്തിനിറങ്ങി.

പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശൻ കുറ്റക്കാരനാണെന്നു തെളിയിക്കാൻ സാധിച്ചില്ല. മോഷണം പോയ മാല കോടതിയിൽ ഹാജരാക്കാനും കഴിഞ്ഞില്ല. ഇതോടെയാണു രമേശനെ വിട്ടയച്ചു കൊണ്ട് മജിസ്ട്രേട്ട് സൂര്യ എസ്.സുകുമാരൻ ഉത്തരവിട്ടത്.

സംഭവം നടക്കുമ്പോൾ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമേശനു കേസിൽ പ്രതിയായതോടെ ജോലി നഷ്ടപ്പെട്ടു. അടുത്ത ബന്ധുക്കൾ പോലും അകന്നു. ജാമ്യത്തിലിറങ്ങിയ രമേശൻ കുറച്ചുകാലം കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത്. 3 വർഷത്തോളം ബന്ധുവീട്ടിൽ താമസിച്ചു. പിന്നീട് സ്വന്തം വീട്ടിൽ തിരിച്ചെത്തി. ഇപ്പോൾ മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article