അമേരിക്കൻ സൈന്യത്തിനെതിരായ ഇറാന്റെ ആക്രമണങ്ങളിൽ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് സ്റ്റാർലിങ്ക് വഴി അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ടതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് കടുത്ത രോഷത്തിലായെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാർലിങ്ക് സേവനം അനധികൃതമായി രണ്ട് തവണ ഉപയോഗിച്ചതായി കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ രണ്ട് സംഭവങ്ങളും അമേരിക്കൻ സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കമ്പനി വിലയിരുത്തി. അതേസമയം, അമേരിക്കൻ സൈന്യം സൈനിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച സ്റ്റാർലിങ്കിന്റെ പ്രത്യേക പതിപ്പായ ‘സ്റ്റാർഷീൽഡ്’ ഉപയോഗിച്ച് ഡ്രോണുകൾ പറത്തിയതായും മസ്കിനെ അറിയിച്ചിരുന്നു.
ഇറാൻ സൈന്യം സ്റ്റാർലിങ്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലും ഉൾപ്പെട്ടിരുന്നുവെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് അറിവില്ലെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ പ്രതികരണം. സംഭവത്തിൽ സ്പേസ് എക്സും ഇറാൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇറാനിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതിയില്ലെങ്കിലും രാജ്യത്ത് സേവനം സജീവമാണെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ പലതവണ വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ അമേരിക്ക രഹസ്യമായി ഇറാനിലെത്തിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അമേരിക്കൻ സൈന്യത്തിനെതിരായ ആക്രമണങ്ങളിൽ സ്റ്റാർലിങ്ക് ഉപയോഗിച്ചെന്ന ആരോപണം വലിയ സുരക്ഷാ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
