5000 രൂപയ്ക്ക് വാങ്ങി 30,000-ന് വിൽപന; ഒഡീഷയിൽനിന്ന് എത്തിക്കുന്നത് ട്രോളിബാഗിൽ; ഇതര സംസ്ഥാനക്കാർ പിടിയിൽ

News Desk
1 Min Read

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ജലംഗി റായിപ്പാറ സ്വദേശികളായ ജെഹിദുൽ ഇസ്ലാം (32), ഫിറോജ് മിയ (44) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചോറ്റാനിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊച്ചി-മധുര ദേശീയപാതയിൽ കെ.ഇ.എല്ലിന് സമീപമുള്ള വെയിറ്റിങ് ഷെഡ്ഡിൽ ലഹരിമരുന്ന് കൈമാറാൻ നിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി പ്രതികൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. രണ്ട് ട്രോളി ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽനിന്ന് കിലോയ്ക്ക് 5,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ്, ഇവിടെ 30,000 രൂപ നിരക്കിൽ വിൽപന നടത്തി അന്നുതന്നെ നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു ഇവരുടെ രീതി. പ്രതികളിൽനിന്ന് കഞ്ചാവ് വാങ്ങുന്ന പ്രാദേശിക കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുത്തൻകുരിശ് ഡിവൈ.എസ്.പി. ജോയി മാത്യു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, മുളന്തുരുത്തി സി.ഐ. കെ.ആർ. ബിജു, എസ്.ഐ.മാരായ നന്ദു, സുനിൽ സാമുവൽ, ബിജു ജോൺ, പൗലോസ്, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, ജയകുമാർ, സീനിയർ സി.പി.ഒ.മാരായ അജ്മൽ, അഖിലേഷ്, ശ്യാംലാൽ, അരുൺ വിശ്വം, റോബിൻ ജോയ്, സി.പി.ഒ.മാരായ മാഹിൻ ഷാ, മനോജ്, ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച അഞ്ച് കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോ ചരസ് നെടുമ്പാശ്ശേരിയിലെ ലോഡ്ജിൽനിന്ന് റൂറൽ പൊലീസ് പിടികൂടിയിരുന്നു. ഡൽഹിയിൽനിന്ന് ചരസ് എത്തിച്ച കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കോടതി റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!