ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സമാജ്വാദി പാർട്ടിയുടെ ആദ്യ പ്രകടനപത്രികയായ ‘ജൻ-മൻ മാനിഫെസ്റ്റോ’ ഭരണഘടനാ ദിനമായ ഇന്ന് പുറത്തിറക്കും. ‘സത്തായിസ് കാ സങ്കൽപ്: പിഡിഎ കാ പ്രാൺപത്ര’ (ഇരുപത്തേഴിന്റെ നിശ്ചയം: പിഡിഎയുടെ പ്രകടനപത്രിക) എന്ന മുദ്രാവാക്യത്തോടെ പുറത്തിറക്കുന്ന പ്രകടനപത്രിക മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
‘പിഡിഎ’ (പിന്നാക്കക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ) അജണ്ടയിൽ അധിഷ്ഠിതമായ പ്രകടന പത്രിക പ്രധാനമായും സ്ത്രീകൾ, യുവാക്കൾ, കർഷകർ, വ്യവസായ മേഖല എന്നിവരെയാണ് ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ പെൻഷനും സ്വയംതൊഴിലിനായി 2 ലക്ഷം രൂപയുടെ സഹായവും വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്രയും തൊഴിൽ-പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനിർമ്മാണവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആശ്വാസമേകുന്ന നിരവധി ക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നുണ്ട്. വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും പാവപ്പെട്ടവർക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും നൽകാൻ പാർട്ടി ലക്ഷ്യമിടുന്നു. 12-ാം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണവും 2005-നുശേഷം സർവീസിൽ കയറിയ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി (ഓപിഎസ്) പുനഃസ്ഥാപിക്കുമെന്നും മാനിഫെസ്റ്റോ വാഗ്ദാനം ചെയ്യുന്നു.
കർഷകർക്കായി കാർഷിക വായ്പകൾ എഴുതിത്തള്ളൽ, ജലസേചനം, വിള ഇൻഷുറൻസ്, താങ്ങുവില ഉറപ്പാക്കൽ, കരിമ്പ് കർഷകർക്ക് കൃത്യസമയത്തുള്ള കുടിശ്ശിക വിതരണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിച്ച് മൂന്ന് മാസത്തിനകം സംസ്ഥാനവ്യാപകമായി ജാതി സർവേ നടത്തി ആനുപാതിക സംവരണം ഉറപ്പാക്കുമെന്നും പാർട്ടി വ്യക്തമാക്കുന്നു. ഇതിനുപുറമെ പരിസ്ഥിതി സംരക്ഷണം, വനപരിപാലനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കും പ്രകടനപത്രികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലേക്ക് ഉറപ്പുകൾ വ്യക്തമായി എത്തിക്കുന്നതിനായി ഘട്ടം ഘട്ടമായാണ് പ്രകടനപത്രികകൾ പുറത്തിറക്കുന്നത്. ആദ്യ ഘട്ടത്തിനുശേഷം സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ടവും, ജനുവരിയോടെ സംസ്ഥാനത്തെ 75 ജില്ലകൾക്കായി വെവ്വേറെ പ്രകടനപത്രികകളും പുറത്തിറക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
