ഉറ്റവര്‍ ഉപേക്ഷിച്ചു; നാല് വര്‍ഷം വനത്തില്‍ വാസം; ഒടുവില്‍ പ്രണയ സാഫല്യം

News Desk
1 Min Read

മക്കളേയും ബന്ധുക്കളേയും കാണാനാവാതെ വൃദ്ധ സദനത്തിലൊരു ജീവിതം ആരും ആഗ്രഹിക്കില്ല. എന്നാല്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട തീവ്രവേദനയിലും ജീവിതത്തിലേക്ക് ഒരു സന്തോഷം കടന്നുവന്നാലോ. ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിലുള്ള ‘അപ്ന ഘർ’ വൃദ്ധസദനത്തില്‍ നിന്നും അങ്ങനെയൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജീവിത സായാഹ്നവേളയില്‍ 75കാരനായ കനയ്യ ലാലും 63കാരിയായ സബീനയും വീണ്ടും പ്രണയം കണ്ടെത്തിയിരിക്കുകയാണ്. 

നവംബർ 25 ബുധനാഴ്ച ഇരുവരും അപ്ന ഘറില്‍ വച്ച് വിവാഹിതരായി. വൃദ്ധസദനത്തിൽ വച്ച് കണ്ടുമുട്ടിയ ഇരുവരുടേയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നുമുള്ള കയ്പേറിയ അനുഭവങ്ങള്‍ക്ക് ശേഷമാണ് കനയ്യയും സബിനയും അപ്ന ഘറിലെത്തിയത്.

മാണ്ഡി ജില്ലയിലെ ജഞ്ജേലിയിലെ കർഷകനായിരുന്നു കനയ്യ. ഭാര്യ മരിച്ചു, മക്കളില്ല. ഇതോടെ അദ്ദേഹം തന്‍റെ ഭൂമി സഹോദരന് വിറ്റു. പിന്നാലെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനയ്യ വർഷങ്ങളോളം ഒരു വനത്തിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. ഏകദേശം നാല് വർഷം മുമ്പാണ് അദ്ദേഹത്തെ അധികൃതര്‍ രക്ഷപ്പെടുത്തി അപ്ന ഘറിലേക്ക് എത്തിച്ചത്. കൊല്‍ക്കത്ത സ്വദേശിയായ സബീന വീട്ടില്‍ നിന്നുമിറങ്ങി അലഞ്ഞുതിരിഞ്ഞ് ഹിമാചല്‍ പ്രദേശിലെത്തിയതാണ്. ഷിംലയില്‍ വച്ച് കണ്ടെത്തിയതിന് ശേഷമാണ് ഇവരെ അപ്ന ഘറിലേക്ക് എത്തിച്ചത്. ഇവിടെ വച്ച് പരസ്പരം അടുത്ത ഇരുവരും ജീവിതത്തിന്റെ ശിഷ്ടകാലം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. 

വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും ജീവനക്കാരും ചേർന്നാണ് വിവാഹം നടത്തിയത്. ഹൽദി, മെഹന്ദി, ഹിമാചലി നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ള ചടങ്ങുകളോടെ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ബിലാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ഭദാന, ജില്ല ക്ഷേമ ഓഫീസർ രമേശ് ബൻസാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ദമ്പതികളെ ആശീർവദിക്കുകയും വിവാഹ സമ്മാനം നൽകുകയും ചെയ്തു. വിവാഹശേഷം നവദമ്പതികൾ ഒരുമിച്ചുള്ള ദാമ്പത്യജീവിതം ആരംഭിക്കുന്നതിനായി സോളൻ ജില്ലയിലെ നലാഗഢിലുള്ള മറ്റൊരു വൃദ്ധസദനത്തിലേക്ക് താമസം മാറുകയാണ്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!