ആദിവാസി തൊഴിലാളികള്‍ക്ക് കൂലിക്കു പകരം മദ്യം; തൊഴില്‍ ചൂഷണം നടത്തിവന്നയാള്‍ പിടിയില്‍

News Desk
1 Min Read

ബത്തേരി: ആദിവാസി തൊഴിലാളികള്‍ക്ക് കൂലിക്കു പകരം മദ്യം നല്‍കി തൊഴില്‍ ചൂഷണം നടത്തിവന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വടുവന്‍ചാല്‍ കോട്ടൂര്‍ തകിടിയില്‍ വീട്ടില്‍ എല്‍ദോ ആണ് പിടിയിലായത്.

ഇയാള്‍ നേരത്തെയും വിവിധ അബ്കാരി കേസുകളില്‍ പ്രതിയാണ്. തമിഴ്നാട് അതിര്‍ത്തിയില്‍ കോട്ടൂരിലെ ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിവില്‍പ്പനയും തൊഴില്‍ ചൂഷണവും നടന്നത്.

അതിര്‍ത്തിപ്രദേശമായതിനാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞാല്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പ്രതിയുടെ പതിവ് രീതി. എന്നാല്‍ എക്സൈസ് സമയോചിതമായി ഇടപ്പെട്ടതോടൈ ഇയാള്‍ കുടുങ്ങുകയായിരുന്നു. പതിവ് പോലെ ഉദ്യോഗസ്ഥരെ കണ്ട മാത്രയില്‍ ഓടിരക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം എക്സൈസ് സംഘം തടഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാനായി ഇയാള്‍ അനധികൃതമായി ശേഖരിച്ച മദ്യവും കണ്ടെടുത്തു. മുമ്പും സമാന കേസുകളില്‍ എല്‍ദോ പ്രതിയായിട്ടുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം ബി ഹരിദാസന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനു കോട്ടൂരില്‍ വെച്ച് ഇയാളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ എല്‍ദോയെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് കോമത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രജീഷ് രായരോത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ വി രാജീവന്‍, കെ അജയ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എന്‍ എം അന്‍വര്‍ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!