റിയാദ്: സ്വന്തം ഉമ്മയെയും സഹോദരിയെയും ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരു സഹോദരിയെ കൊലപെപ്പടുത്താൻ ശ്രമിക്കുകയും ചെയ്ത സഊദി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിൽ സ്വന്തം ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പ്രതികളിലൊരാൾക്ക്, ‘തഅ്സീർ’ (വിവേചനാധികാരപരമായ ശിക്ഷാവിധി) പ്രകാരം തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹസ്സൻ ബിൻ മുഹമ്മദ് ബിൻ റാബിഹ് അൽ ഗൈതാത്ത് അൽ ദോസാരി എന്ന പൗരനാണു തന്റെ ഉമ്മ സാംവ ബിൻത് മുഷായ ബിൻ മുത്‌ലഖ് അൽ ദോസാരിയെയും സഹോദരി മസ്‌നയെയും വെടിവെച്ച് മനഃപൂർവം കൊലപ്പെടുത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, മറ്റൊരു സഹോദരിയെ കൂടി കൊല്ലാൻ ഇയാൾ ശ്രമിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും തുടർന്നുനടന്ന അന്വേഷണത്തിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
കേസ് ബന്ധപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വിടുകയും, പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും ഉത്തമ ബോധ്യത്തോടെയാണ് കുറ്റകൃത്യം ചെയ്തതെന്നും കുറ്റാലര്ത്യം ചെയ്യാൻ മാനസികമായി പ്രാപ്തനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന്, ഇയാൾക്കെതിരായ കുറ്റങ്ങൾ ശരിവെച്ചുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. ഉമ്മയെയും സഹോദരിയെയും വെടിവെച്ചുകൊന്നത് അതീവ ക്രൂരവും അങ്ങേയറ്റം നിന്ദ്യവുമായ പ്രവൃത്തിയായതിനാൽ, ഇയാൾക്ക് ‘തഅ്സീർ’ (വിവേചനാധികാരപരമായ ശിക്ഷാവിധി) പ്രകാരം വധശിക്ഷ വിധിച്ചു. പ്രതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീൽ തള്ളുകയും വിധി അന്തിമമാവുകയും ചെയ്തതോടെ, നിയമപരമായ ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവും പുറപ്പെടുവിച്ചു.
സുരക്ഷ നിലനിർത്തുന്നതിനും നീതി നടപ്പാക്കുന്നതിനും, നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കുമുള്ള അവകാശം ലംഘിക്കുന്നവർക്കെതിരെ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കുന്നതിനും സഊദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ മുതിരുന്ന ആർക്കും ഇസ്‌ലാമിക നിയമപ്രകാരമുള്ള ശിക്ഷ തന്നെ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
