സന്ന്യാസജീവിതം തിരഞ്ഞെടുത്താലും സ്വത്തവകാശം നഷ്ടപ്പെടില്ല- ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: സന്ന്യാസജീവിതം തിരഞ്ഞെടുത്താലും പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള സ്വത്തവകാശം നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതി മോളി ജോസഫ് കേസിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിനിയമം, ആചാരം, കീഴ്‌വഴക്കം എന്നിവയ്ക്കപ്പുറം നിലനിൽക്കുക നിയമനിർമാണ സഭ പാസാക്കിയ നിയമമാണ്. ക്രിസ്ത്യൻ പുരോഹിതന്റെയോ സന്ന്യാസിനിയുടെയോ പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ഒരു വ്യത്യാസവും വരുത്തുന്നില്ല.

വ്യക്തി മതപരമായ സന്ന്യാസക്രമത്തിൽ ചേർന്നതുകൊണ്ടുമാത്രം, പിന്തുടർച്ചാവകാശത്തിലൂടെയോ മരണപത്രം വഴിയോ ലഭിച്ച സ്വത്തവകാശം സ്വയമേവ നഷ്ടപ്പെടുകയില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതും ഉത്തരവിൽ ചൂണ്ടിക്കാട്ടി. പിതാവിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ ലഭിച്ച നഷ്ടപരിഹാരത്തുകയും ആശ്വാസധനവും ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന ഉത്തരവിനെതിരായ ഹർജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

താമരശ്ശേരി നെല്ലിപ്പോയിൽ സ്വദേശി എ.എം. ജോസാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കർ പിതൃസ്വത്ത് ഏറ്റെടുത്ത വകയിൽ 3,74,34,449 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഇത് ആറ് മക്കൾക്കായി നൽകാനായിരുന്നു ജില്ലാ കോടതി ഉത്തരവ്.

മാറിത്താമസിച്ചതിനാൽ മറ്റു സഹോദരങ്ങൾക്കും സന്ന്യാസജീവിതം സ്വീകരിച്ചതിനാൽ സഹോദരിക്കും ആശ്വാസധനത്തിന് അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തറവാട്ടുസ്വത്ത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വൈകാരിക വിഷമത്തിന് നൽകുന്ന ആശ്വാസധനത്തിന് വസ്തു നോക്കിനടത്തിയ സഹോദരനു മാത്രം പ്രത്യേക അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്റ്റർചെയ്യാത്ത കുടുംബധാരണാപത്രം വഴി സഹോദരൻ അവകാശം ഉപേക്ഷിച്ചുവെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!