തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയുടെ അക്കാദമിക്ക്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് രണ്ട് കോടി രൂപ നൽകിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടന്ന ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി രേഖകള്‍ കണ്ടെത്തിയത്.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിന്റെ കരാറിൽ സാക്ഷിയായതിന്റെ പ്രതിഫലമാണ് ഈ തുകയെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. മലപ്പുറം അരിക്കോട്ടെ നോവസ് സോക്കർ അക്കാദമിയുടെ പേരിലാണ് പണം കൈമാറിയത്. രണ്ട് ഡയറക്ടര്‍മാര്‍ മാത്രമുള്ള അക്കാദമിയുടെ മാനേജിങ് ഡയറക്ടറാണ് യു.ഷറഫലി. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെയും ഷറഫലിയെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നിര്‍ണായക കണ്ടെത്തല്‍. പണം കൈമാറിയതിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കും മുന്‍പേ, സ്പോണ്‍സറും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറില്‍ സാക്ഷിയായി ഷറഫലി ഒപ്പിട്ടതായി അന്വേഷണസംഘം കണ്ടെത്തിരുന്നു. ഫുട്ബോള്‍ പ്രേമിയെന്ന നിലയില്‍ ഒപ്പിട്ടെന്നായിരുന്നു ഷറഫലിയുടെ മൊഴി. അതിനപ്പുറത്തേക്ക് ഒരു താത്പര്യവും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ഷറഫലി ഈ മേല്‍വിലാസം ഉപയോഗിച്ചാണ് കരാറിന്റെ ഭാഗമായതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. ഇതിനുള്ള പ്രതിഫലമായാണ് രണ്ട് കോടി രൂപ നല്‍കിയതെന്നാണ് എസ്ഐടിയുടെ നിഗമനം. അതിനാൽ യു.ഷറഫലിയെ കൂടി കേസിൽ പ്രതിചേർക്കാനുള്ള തീരുമാനത്തിലാണ് എസ്ഐടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
