എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിനിടെ മലയാളി ട്രാവൽ വ്ലോഗർക്ക് ദാരുണാന്ത്യം

News Desk
1 Min Read

കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിംഗിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19 വ്യാഴാഴ്‌ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇദ്ദേഹം യാത്രാവിവരങ്ങൾ പങ്കുവച്ചിരുന്നു. അന്നപൂർണ ബേസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളും മലനിരകളിൽ നിന്നുള്ള കാഴ്‌ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചത്.

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമദ്ധ്യേ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ് ഗോരക്ഷേപ്. ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്‌സിജന്റെ കുറവും കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണിത്.അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് ഇവിടെ വില്ലനായതെന്നാണ് വിവരം. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ, അവിടത്തെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെവരുന്ന അവസ്ഥയാണ് അക്യൂട്ട് മൗണ്ടൻ സിക്‌നസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!