അഭിറാമിന്റെ ഫോണും ഷർട്ടും മാലയും കിണറ്റിൽ; കൊല്ലാൻ ഉപയോഗിച്ച ബെൽറ്റുൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തി

News Desk
1 Min Read

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. അഭിറാമിനെ കൊല്ലാനുപയോഗിച്ച ബെൽറ്റ്, അഭിറാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവ പൊലീസ് കണ്ടെത്തി. കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.

പൊലീസ് രണ്ടാമത് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തിയത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽ നിന്നുള്ള സ്‌കൂബാ സംഘവും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തതിന് പിന്നാലെയാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്.

അഭിറാമിന്റെ ഷർട്ടും ഫോണും മാലയും ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഉമറും പ്രതികളായ രണ്ട് യുവതികളും ഉൾപ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ഇന്ന് വൈകിട്ടോടെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ പരസ്‌പര വിരുദ്ധമായ മൊഴികൾ അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു പതിനേഴുകാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്. കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന പൊലീസ് നടത്തിയിരുന്നു. പിന്നാലെ സമീപത്തെ തെറ്റിയാർ തോട്ടിൽ സ്‌കൂബ ഡൈവിംഗ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!