ശത്രുക്കളുടെ പേടിസ്വപ്നം, ആകാശ യുദ്ധത്തിലെ യുഎസിന്റെ കരുത്തൻ ‘പരുന്ത്’; ‘കൈവെള്ളയിലാക്കി’ ഇറാൻ

0
44
  • നൂറിലധികം വിജയവും നാശനഷ്ടങ്ങളൊന്നുമില്ല എന്ന അവിശ്വസനീയമായ യുദ്ധ റെക്കോർഡ് എന്ന എഫ് 15ന്റെ പ്രത്യേകതയാണ് ഇറാൻ ചാരമാക്കിയത് 

വാഷിങ്ടൺ: ഇറാൻ യുദ്ധം തുടങ്ങിയ ശേഷം നാലാമത്തെ എഫ് 15ഇ യുദ്ധവിമാനമാണ് യുഎസിന് നഷ്ടപ്പെടുന്നത്. ആദ്യ ആഴ്ചതന്നെ 3 എഫ്15 ഇ വിമാനങ്ങൾ കുവൈത്തിൽ തകർന്നിരുന്നു. ശത്രുവിമാനമെന്നു തെറ്റിദ്ധരിച്ചു കുവൈത്ത് സേന വെടിവച്ചിട്ടതാണെന്നായിരുന്നു യുഎസ് വിശദീകരണം. യുഎസിന്റെ ഏറ്റവും അത്യാധുനികമായ എഫ് 35 വിമാനത്തിനു നേരെയും ഇറാൻ വെടിയുതിർത്തിരുന്നു.

എഫ് 15 യുദ്ധവിമാനത്തിന് നാളിതുവരെ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന യുഎസിന്റെ അവകാശവാദത്തെക്കൂടിയാണ് ഇറാൻ വെടിവച്ചിട്ടത്. പൈലറ്റിനെ തന്ത്രപരമായി രക്ഷപ്പെടുത്തിയെങ്കിലും എഫ് 15ന്റെ അപരാജിത കുതിപ്പിന് ഇറാൻ ക്ഷീണം വരുത്തിയിരിക്കുകയാണ്.

അറിയാം യുഎസിന്റെ എഫ് 15നെകുറിച്ച്

യുഎസിന്റെ എഫ് 15 എന്ന വിശ്വസ്തൻ: എഫ് 15 യുദ്ധവിമാനം ഇരട്ട എൻജിനുള്ള , ഏതു കാലാവസ്ഥയിലും പറക്കാൻ കഴിയുന്ന ടാക്റ്റിക്കൽ ഫൈറ്ററാണ്. നൂറിലധികം വിജയവും നാശനഷ്ടങ്ങളൊന്നുമില്ല എന്ന അവിശ്വസനീയമായ യുദ്ധ റെക്കോർഡാണ് എഫ് 15ന്റെ പ്രത്യേകത. 1970-കളിൽ യുഎസ്എ എഫിനായി മക്ഡൊണൽ ഡഗ്ലസ് എയറോസ്പേയ്സ് വികസിപ്പിച്ചെടുത്ത ഫൈറ്റർ ജെറ്റ്, വിയറ്റ്നാം യുദ്ധാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപന ചെയ്തത്. സോവിയറ്റിന്റെ മിഗ് ഫൈറ്ററുകളെ നേരിടാനായാണ് ഇവയുടെ രൂപകൽപന.

മക് 2.5-ൽ കൂടുതൽ വേഗതയിൽ ഉയർന്ന കൃത്യതയോടെയുള്ള പോരാട്ടങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. ഏത് കാലാവസ്ഥയ്ക്കും അനുകൂലമായ മക്ഡൊണൽ ഡഗ്ലസ് എഫ് 15 എന്ന എഫ് 15 ഈഗിൾ ഇരട്ട എൻജിൻ യുദ്ധവിമാനത്തിന്റെ നിർമാണം ഇപ്പോൾ ബോയിങ്ങിനാണ്. ദീർഘദൂര റഡാർ ട്രാഫിക്കിങ്ങും 5500 കിലോമീറ്റർ പറക്കൽ റേഞ്ചുമുള്ള എഫ് 15ന് 65000 അടി ഉയരെ വരെ പറക്കാൻ കഴിയും. സാങ്കേതികമികവും കൂടുതൽ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇതിനെ ശത്രുക്കളുടെ പേടിസ്വപ്നമാക്കുന്നു.

എയർ സുപ്പീരിയോറിറ്റി ഫൈറ്റർ വിമാനമായതിനാൽ ആകാശത്ത് ശത്രുക്കളെ നേരിടാനും ശത്രു വിമാനങ്ങളെ തകർക്കാനുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഇത്. മികച്ച റഡാർ സിസ്റ്റമുള്ള എഫ് 15 ഇതുവരെ നൂറിലധികം വിമാനങ്ങളെ വീഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എഫ് 15 വകഭേദങ്ങൾ: ആകാശയുദ്ധങ്ങൾക്കായുള്ള എഫ് 15 സി,ഡി , ബോംബിങ്ങിനും ഗ്രൗണ്ട് അറ്റാക്കിനുമായുള്ള എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ, എഫ് 15 ഇഎക്സ് ഈഗിൾ 2 എന്ന ഏറ്റവും പുതിയ വേർ‍ഷൻ എന്നിവയാണ് എഫ് 15ന്റെ കുടുംബം. യുഎസിനെ കൂടാതെ ഇസ്റാഈൽ, ജപ്പാൻ, സഊദി അറേബ്യ എന്നീ രാജ്യങ്ങളും എഫ് 15 ഉപയോഗിക്കുന്നുണ്ട്.