കൽപ്പറ്റ: വയനാട് അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട. 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായി. എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടിച്ചെടുത്തത്. വയനാട്ടിലെ എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിൽ റിസോർട്ടുകളും ഹോംസ്റ്റേകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന പരാതി ഉയർന്നു.
തുടർന്ന് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് ഹോളിഡേ ഹോംസ് ലോഡ്ജിൽ പരിശോധന നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതോടെ നടത്തിപ്പുകാരായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.
പാലക്കാട് സ്വദേശി അക്ബർ, വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക് എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
