പ്രണയ വിവാഹത്തർക്കം; വരന്റെ അച്ഛനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു, നാല് പ്രതികളും റിമാന്റിൽ

malayalampress
1 Min Read

കൊല്ലം: പ്രണയവിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ റിമാന്റിൽ. ഇളമാട് കോട്ടയ്ക്കാവിള ഗീതുവിലാസത്തിൽ ജോണി(59)യെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്.

കടയ്ക്കൽ പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (39), കടയ്ക്കൽ പുലിപ്പാറ പാങ്ങലുകാട് ശ്രീനിലയത്തിൽ ആദർശ് (29), അഞ്ചൽ കോട്ടുക്കൽ നെടുംപച്ചയിൽ ആസിഫ് (27), കടയ്ക്കൽ പുലിപ്പാറ സ്വാമിമുക്ക് വൈഷ്ണവത്തിൽ അർജുൻ (29) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നുമാസംമുൻപ് ജോണിയുടെ മകൻ ചെങ്കൂർ സ്വദേശിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. വിവാഹത്തോട് യുവതിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി യുവതിയുടെ ബന്ധുവും സുഹൃത്തുക്കളും വരനെ അന്വേഷിച്ചെത്തി. ഇയാളെ കാണാത്തതിനാൽ അച്ഛനെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് കാർ പിന്തുടർന്ന് തടഞ്ഞ് ജോണിയെ മോചിപ്പിച്ചു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!