“ഇന്ത്യയിൽ ആദ്യം”: ഗർഭസ്ഥശിശുവിന്റെ വൈകല്യം പരിഹരിക്കാൻ അമ്മയുടെ ഗർഭപാത്രം തുറന്ന് ശസ്ത്രക്രിയ

News Desk
1 Min Read

ന്യൂഡൽഹി: 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിലെ തകരാർ, അമ്മയുടെ ഗർഭപാത്രം തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ ഡൽഹി എയിംസിലെ ഡോക്ടർമാർ പരിഹരിച്ചു. ‍‍ഇത്തരം ഓപ്പൺ ഫീറ്റൽ സർജറി ഇന്ത്യയിൽ ആദ്യമാണ്. കേന്ദ്രസർക്കാരിന്റെ ജനനി ശിശുസുരക്ഷാ പദ്ധതിയിൽ സൗജന്യമായിട്ടാണ് ‍ശസ്ത്രക്രിയ നടത്തിയത്.

നട്ടെല്ലും സുഷുമ്ന നാഡിയും പൂർണമായി അടയാത്തതിനെ തുടർന്ന്, നട്ടെല്ലിന്റെ താഴെഭാഗം ദ്രാവകസഞ്ചി പോലെ പുറത്തേക്കു തള്ളിവരുന്ന ‘ലംബോസാക്രൽ മയലോമെനിഞ്ചോസീൽ’ എന്ന ൈവകല്യമാണു ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത്. ഈയവസ്ഥയിൽ‌ ജനിച്ചാൽ ആജീവനാന്ത വൈകല്യമുണ്ടാകും. ഗർഭധാരണത്തിനു മുൻപും ഗർഭത്തിന്റെ ആദ്യമാസങ്ങളിലും അമ്മയുടെ ശരീരത്തിൽ ഫോളിക് ആസിഡിന്റെ അളവു കുറയുന്നതാണു രോഗാവസ്ഥയ്ക്കു പ്രധാന കാരണം.

ജനനശേഷം നടത്തുന്ന ചികിത്സയെക്കാൾ ഗർഭാവസ്ഥയിലെ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാണെന്നു വിദഗ്ധർ പറയുന്നു. എന്നാൽ, മാസം തികയാതെയുള്ള പ്രസവവും ഗർഭാശയമുറിവിൽ നിന്നുണ്ടായേക്കാവുന്ന പാർശ്വഫലങ്ങളും ശസ്ത്രക്രിയയുടെ വെല്ലുവിളികളാണ്. 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ന്യൂറോ സർജൻ ഡോ. ദീപക് ഗുപ്ത, പ്രസവചികിത്സാവിദഗ്ധരായ ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണ ശർമ എന്നിവരുടെ നേതൃത്വത്തിൽ 30 ഡോക്ടർമാർ പങ്കെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!