ഭീമന്‍ കൂണ്‍ ഉപയോഗിച്ച് വഞ്ചിയുണ്ടാക്കി, 42 കിലോമീറ്റര്‍ കടലിലൂടെ യാത്ര ചെയ്ത് യുവാവ്

News Desk
1 Min Read

പറമ്പില്‍ കൂണ്‍ വളര്‍ന്നാല്‍ നമ്മള്‍ എന്ത് ചെയ്യും. വിഷക്കൂണ്‍ അല്ലെങ്കില്‍ നമ്മള്‍ അത് എടുത്ത് കറിവെക്കും. കൂണ്‍ ഉപയോഗിച്ച് വഞ്ചിയുണ്ടാക്കാനുള്ള ചിന്ത നമ്മള്‍ക്കുണ്ടാകുമോ. എന്നാല്‍ കൂണ്‍ ഉപയോഗിച്ച് വഞ്ചി ഉണ്ടാക്കുക മാത്രമല്ല, അതില്‍ കയറി കടലിലൂടെ യാത്ര ചെയ്തിരിക്കുകയാണ് യുഎസിലെ ലോസ് ആഞ്ചലസ് സ്വദേശിയായ യുവാവ്.

കൂണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ സാം ഷൂമേക്കര്‍ എന്ന യുവാവാണ് ഭീമന്‍ കൂണ് ഉപയോഗിച്ച് 12 അടി നീളത്തിലുള്ള വഞ്ചിയുണ്ടാക്കിയത്. തുടര്‍ന്ന് അദ്ദേഹം അമെരിക്കന്‍ മെയിന്‍ലാന്‍ഡിലെ കാറ്റലിന ചാനലില്‍ നിന്ന് കാബ്രില്ലോ ബീച്ച് വരെ യാത്ര ചെയ്തു.

42.43 കിലോമീറ്റര്‍ ദൂരമാണ് സാം വഞ്ചിയില്‍ യാത്ര ചെയ്തത്. 12 മണിക്കൂര്‍ എടുത്തായിരുന്നു യാത്ര. സാമിന്റെ യാത്ര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കൂണ്‍ ഉപയോഗിച്ച് നിര്‍മിച്ച ബോട്ടില്‍ ഒറ്റയ്ക്ക് ഏറ്റവും ദൂരം യാത്ര ചെയ്ത വ്യക്തി എന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്.

സാമിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥയും കടല്‍ പ്രക്ഷുബ്ദമായതും സാമിന് വെല്ലുവിളിയായി. കൂടാതെ വലിയൊരു തിമിംഗലത്തിനൊപ്പവും യാത്ര ചെയ്യേണ്ടതായി വന്നു. 10 വര്‍ഷത്തില്‍ അധികമായി സാം കൂണുകള്‍ ഉപയോഗിച്ച് ശില്‍പങ്ങളും മറ്റ് കലാരൂപങ്ങളും നിര്‍മിക്കുന്നുണ്ട്.

കടകളില്‍ ലഭിക്കുന്ന കൂണുകളില്‍ പലതും പെട്ടെന്ന് നശിച്ചുപോകാറുണ്ട്. എന്നാല്‍ കാടുകളില്‍ നിന്ന് ലഭിക്കുന്ന കൂണുകള്‍ കൂടുതല്‍ കരുത്തുള്ളവയാണെന്നും വെള്ളം തട്ടിയാല്‍ പെട്ടെന്ന് നശിച്ചുപോകില്ല എന്നുമാണ് സാം പറയുന്നത്. 2024ലാണ് അദ്ദേഹം ആദ്യമായി കൂണ് ഉപയോഗിച്ച് വഞ്ചി നിര്‍മിക്കുന്നത്. തന്റെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കണ്ട വൈല്‍ഡ് പോളിപോര്‍ മഷ്‌റൂം ഉപയോഗിച്ചാണ് വഞ്ചി നിര്‍മിച്ചത്. ഇത് വിജയമായതോടെ ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് വഞ്ചിയുടെ രൂപമുണ്ടാക്കി അതില്‍ മഷ്‌റൂം വളര്‍ത്തുകയായിരുന്നു.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!