റിയാദ്: രാജ്യത്തെ ഉപഭോക്തൃ അവകാശങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി സൗദി അറേബ്യ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അംഗീകാരം നല്കി.
നിയമലംഘനം നടത്തുന്നവര്‍ക്ക് എട്ട് ദശലക്ഷം സൗദി റിയാല്‍ വരെ സാമ്പത്തിക പിഴയും രണ്ടു വര്‍ഷം വരെ തടവുശിക്ഷയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. മുന്‍പ് നിലവിലുണ്ടായിരുന്ന വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തില്‍ പരമാവധി ഒരു ദശലക്ഷം റിയാലായിരുന്നു പിഴ.
തടവിനും പിഴയ്ക്കും പുറമെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കല്‍, നിയമവിരുദ്ധ ഉല്പന്നങ്ങള് പിടിച്ചെടുക്കല്‍, ഉപഭോക്താക്കള്‍ക്കായി പരസ്യ മുന്നറിയിപ്പുകള്‍ നല്കല് തുടങ്ങിയ ഭരണപരമായ കര്‍ശന നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, ഇ-കോമേഴ്സ് നിയമം, കൊമേഴ്ഷ്യല്‍ ഡാറ്റാ നിയമം തുടങ്ങി നിലവിലുള്ള മൂന്ന് നിയമങ്ങള്‍ക്ക് പകരം പുതിയ ഒറ്റ നിയമം നിലവില്‍ വരും.
ശിക്ഷയ്ക്ക് മുന്‍പ് തിരുത്തല്‍ നടപടികള്‍
ഗുരുതരമല്ലാത്ത ലംഘനങ്ങളില്‍ ശിക്ഷാ നടപടികള്‍ക്ക് മുന്‍പായി വീഴ്ചകള്‍ തിരുത്താനും അതിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനും നിശ്ചിത സമയം അനുവദിക്കും. എന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ഉല്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിതരണം തടയല്‍, കരാറുകള്‍ റദ്ദാക്കല്‍, വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യല്‍, വ്യാജ പരസ്യങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയ നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കും. കൂടാതെ, ഉപഭോക്താവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയും വീഴ്ചകള്‍ തിരുത്തുകയും ചെയ്താല്‍ നടപടികള്‍ അവസാനിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിലെ വില നിയന്ത്രണം
പ്രതിസന്ധികള്‍, മഹാമാരികള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അനാവശ്യ വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക അധികാരങ്ങളും നിയമം നല്‍കുന്നുണ്ട്. മന്ത്രിസഭയുടെ അനുതിയോടെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കല്‍, ലാഭവിഹിതത്തിന് പരിധി ഏര്‍പ്പെടുത്തല്‍, വില വര്‍ധിപ്പിക്കുന്നതിന് മുന്‍പ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കല്‍ തുടങ്ങിയ താത്കാലിക നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് അധികാരമുണ്ടാകും.
76 ആര്‍ട്ടിക്കിളുകളും 20-ലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും
10 അധ്യായങ്ങളിലായി 76 ആര്‍ട്ടിക്കിളുകള്‍ അടങ്ങുന്നതാണ് പുതിയ നിയമം. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോക്തൃ അവകാശങ്ങള്‍ സമഗ്രമായി ഒരു കുടക്കീഴില് കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ നിയമനിര്‍മാണമാണിതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പെര്‍മനന്റ് കമ്മിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനില്‍ ഉള്‍പ്പെടുന്ന ഇരുപതിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംയുക്തമായാണ് നിയമം നടപ്പിലാക്കുക.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്‍പുള്ള അധികാരങ്ങളെ നിയമം ബാധിക്കില്ല. തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന മേഖലകളില്‍ പരിശോധന നടത്താനും നിയമലംഘനങ്ങള്‍ കണ്ടെത്താനും പിഴ ചുമത്താനും ഓരോ സ്ഥാപനത്തിനും പൂര്‍ണ അധികാരമുണ്ടായിരിക്കും. 2022 ഏപ്രിലിലാണ് വാണിജ്യ മന്ത്രാലയം ഈ നിയമത്തിന്റെ ആദ്യ കരട് പൊതുജനഭിപ്രായത്തിനായി പുറത്തിറക്കിയത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
