- തൊഴിലുടമ പകർത്തിയ വീഡിയോയിൽ, കളിക്കിടയിൽ ജോയ്‌സ് നംഗിലയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി സൂചന
ദുബൈ: സഊദി അറേബ്യയിൽ, തൊഴിലുടമയുടെ മകനൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ വീട്ടുജോലിക്കാരി മരിച്ചു. കെനിയൻ വീട്ടു ജോലിക്കാരിയാണ് മരണപ്പെട്ടത്. കുട്ടിയോടൊപ്പം വീട്ടു ജോലിക്കാരി കളിക്കുന്നത് വീഡിയോയിൽ പകർത്തിയിരുന്നു. ഇതിൽ ദാരുണ സംഭവം കൃത്യമായി കാണാമെന്ന് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോയ്‌സ് നംഗില എന്ന യുവതിയാണ് മരണപ്പെട്ടത്.
നവംബർ 2-ന് കെനിയൻ വാർത്താ മാധ്യമമായ ‘ടുക്കോ’ (Tuko) റിപ്പോർട്ട് ചെയ്തതനുസരിച്ച്, തൊഴിലുടമ കളിയുടെ വീഡിയോ പകർത്തുകയും ഇരുവരെയും തുടർന്നും കളിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടെ ജോയ്‌സ് പെട്ടെന്ന് തറയിൽ വീഴുകയായിരുന്നു. യുവതിക്ക് അപസ്മാരം പോലുള്ള ലക്ഷണങ്ങൾ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണം. എന്നാൽ, കൃത്യമായ മെഡിക്കൽ കാരണവും സാഹചര്യങ്ങളും ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തൊഴിൽ തേടി വിദേശത്തേക്ക് പോയ കെനിയൻ യുവതിയുടെ മരണവാർത്ത, സോഷ്യൽ മീഡിയയിൽ വലിയ ദുഃഖത്തിനാണ് വഴിവെച്ചത്. സുഹൃത്തുക്കളും മറ്റ് ഉപയോക്താക്കളും ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ജോയിയുടെ അടുത്ത സുഹൃത്തായ റൂത്ത് കെരുബോ, അവരുടെ മരണവാർത്ത ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചതായി കെനിയൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സൂചിപ്പിച്ചതായി കെനിയൻ വാർത്താ മാധ്യമമായ ‘ടുക്കോ’ (Tuko) റിപ്പോർട്ട് ചെയ്യുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
