ചണ്ഡീഗഡ്: പഞ്ചാബില്‍ ഗൃഹനാഥനായ മത പുരോഹിതനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പോലീസ് നടത്തിയ ഗൂഢാലോചന രഹസ്യ ക്യാമറ വീഡിയോയിലൂടെ പുറത്തുവന്നു.
മതപുരോഹിതന്റെ വീട്ടില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍, പോലീസ് റെയ്ഡിന് തൊട്ടുമുമ്പ് എഎസ്ഐ വീട്ടില്‍ കയറി കിടക്കക്കിടിയില്‍ ഹെറോയിന്‍ ഒളിപ്പിക്കുന്നതായി കാണാം. സംഭവം പുറത്തുവന്നതോടെ ഈ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ലുധിയാന ജില്ലയിലെ ഖന്ന സ്‌റ്റേഷനിലെ പോലീസുകാരാണ് ഇതോടെ വിവാദത്തിലായത്.
എഎസ്ഐ സുഖ്ദേവ് സിംഗിനെ ഖന്ന എസ്എസ്പി ഡോ. ദര്‍പണ്‍ അഹ്ലുവാലിയ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് റെയ്ഡിന് പിന്നാലെ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ മതപുരോഹിതനായ മഹന്ത് കശ്മീര്‍ ഗിരിയെയും കേസില്‍ നിന്ന് വിട്ടയച്ചു.
ഖന്ന പട്ടണത്തിലെ മഹന്ത് കശ്മീര്‍ ഗിരിയുടെ വസതിയില്‍ പോലീസ് നടത്തിയ റെയ്ഡാണ് വിവാദങ്ങള്‍ക്ക് കേന്ദ്രബിന്ദു. ഗിരിയുടെ ഡ്രൈവര്‍ ഗുര്‍ജന്ത് സിംഗ് എന്ന ജാന്റയെ 7.5 ഗ്രാം ഹെറോയിനുമായി പിടികൂടിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് പോലീസിന്റെ ഭാഷ്യം.
ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ
ഡ്രൈവറെ ചോദ്യം ചെയ്തതാണ് മഹന്ത് കശ്മീര്‍ ഗിരിയിലേക്കും നയിച്ചതെന്ന് പോലീസ് പിന്നീട് അവകാശപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം പരിശോധനയ്ക്കായി ഗിരിയുടെ വസതിയിലെത്തി. റെയ്ഡിനിടയില്‍ കിടക്കക്കടിയില്‍ നിന്ന് ഏകദേശം 30 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തതായും മയക്കുമരുന്ന് കടത്ത് കേസില്‍ മഹന്തിനെ അറസ്റ്റ് ചെയ്തതായും പോലീസ് അവകാശപ്പെട്ടു.
തുടര്‍ന്ന് കുടുംബം വീട്ടില്‍ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നിജസ്ഥിതി വെളിവാകുന്നത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് സിവിലിയന്‍ വേഷത്തിലുള്ള എഎസ്ഐ സുഖ്ദേവ് സിംഗ് മുറിക്കുള്ളില്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. അദ്ദേഹം മെത്തയ്ക്കടിയില്‍ ഒരു പാക്കറ്റ് വെക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം, മഹന്ത് കശ്മീര്‍ ഗിരിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ മുറിയിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, എഎസ്ഐ പാക്കറ്റ് വെച്ച അതേ സ്ഥലത്തുനിന്ന് പോലീസ് ഹെറോയിന്‍ കണ്ടെടുത്തതായി അവകാശപ്പെടുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വൈറലായ ദൃശ്യങ്ങളുടെ ആധികാരികത, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎസ്ഐയുടെ പങ്ക്, ഹെറോയിന്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍, സംഭവത്തില്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നിവ എസ്‌ഐടി അന്വേഷിക്കും
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
