വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; 17 വയസ്സുകാരൻ ഓടിച്ച ബൈക്കിടിച്ച് മരണം, 14 ലക്ഷം വാഹന ഉടമ നൽകണം

News Desk
1 Min Read

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബൈക്കിടിച്ചു മരിച്ചയാളുടെ കുടുംബത്തിനു വാഹന ഉടമ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മൂവാറ്റുപുഴ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി കുടുംബത്തിനു നൽകണം.

കമ്പനിക്ക് വാഹന ഉടമയിൽനിന്നു തുക ഈടാക്കാമെന്നാണ് ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാറിന്റെ ഉത്തരവ്. മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (72) മരിച്ച സംഭവത്തിലാണു വിധി. 11,02,000 രൂപയും 8% പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണു തുക.

2024 ജൂലൈ 12ന് മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സുമതിയെ 17 വയസ്സുകാരൻ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. വെള്ളൂർക്കുന്നം സ്വദേശിയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.

എന്നാൽ, കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനാൽ നഷ്ടപരിഹാരത്തുകയുടെ ബാധ്യത രേഖപ്രകാരമുള്ള ഉടമയ്ക്കാണ്. കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു. സുമതിയുടെ കുടുംബത്തിനായി അഡ്വ. എൻ.പി.തങ്കച്ചൻ ഹാജരായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!