രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് പോലീസ്

News Desk
1 Min Read

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ എട്ട് മണിക്കൂറോളമായി പ്രതിഷേധിക്കുകയായിരുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നേതാക്കളെയും പ്രവർത്തകരെയും നീക്കിയ പൊലീസ് ആകാശവാണിഭവൻ‌ വളപ്പ് ഒഴിപ്പിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ ഉൾപ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനു മുന്നിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രതിഷേധത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘ഗ്യാനേഷ് കുമാറിനെയും രണ്ട് സഹപ്രവർത്തകരെയും നേരിൽ കാണാൻ ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലീസ് ഞങ്ങളെ തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനു വെറും 50 മീറ്റർ അകലെ വച്ചാണ് ജനപ്രതിനിധികളെ പൊലീസ് തടഞ്ഞുവച്ചത്. രാജ്യത്തിന്റെ ശബ്ദത്തെയാണു ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് 300 എംപിമാരെ തടഞ്ഞതെന്നു മനസിലാകുന്നില്ല. തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. എന്നാൽ, 300 എംപിമാർ കാണാൻ വരുമ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണ്. ജനപ്രതിനിധികൾക്കു തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യത്ത് ജനാധിപത്യംകൊണ്ട് എന്താണ് അർഥം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചു രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിനു സഹായം നൽകി. രാജ്യത്തെ ജനാധിപത്യത്തെ ഇവർ ഇല്ലാതാക്കിയെന്ന കാര്യം ജനങ്ങൾക്കും യുവാക്കൾക്കും ഞങ്ങളെ തടഞ്ഞ പൊലീസുകാർക്കുപോലും ബോധ്യമുള്ള വസ്തുതയാണ്. നമ്മുടെ രാജ്യത്തോടു ചെയ്തത് രാജ്യദ്രോഹമാണ്. ഇതിൽ പങ്കാളികളായ ഒരാൾപോലും രക്ഷപ്പെടാൻ പോകുന്നില്ല. അത് നരേന്ദ്ര മോദിയായാലും അമിത് ഷായായാലും മോഹൻ ഭാഗവതായാലും ഗ്യാനേഷ് കുമാറായാലും. ഇവർക്കെല്ലാവർക്കും എതിരെ കർശന നടപടിയുണ്ടാകും. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളിൽ എനിക്കു യാതൊരു താൽപര്യവുമില്ല. ഞാൻ ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനാണു നിലകൊള്ളുന്നത്. ഞങ്ങൾ ബിജെപിക്കെതിരെ ചെറുത്തുനിൽപ്പുണ്ടാക്കുക മാത്രമല്ല, അവരെ പൂർണമായി തകർക്കുക തന്നെ ചെയ്യും’’ – രാഹുൽ ഗാന്ധി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!