അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജനെയും ടി.വി.രാജേഷിനെയും വെറുതെ വിട്ടു

News Desk
1 Min Read

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്  എന്നിവരെ വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് 7–ാം പ്രതി പവിത്രൻ 9–ാം പ്രതി മനോഹരൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 

പി.ജയരാജനും ടി.വി.രാജേഷും ഉൾപ്പെടെ 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പത്തൊമ്പതാം പ്രതിയായ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കുറ്റവിമുക്തനാക്കി.

അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!