മലപ്പുറം: മലപ്പുറത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ എസ് ആര്‍ ടി സി യുടെ എ. സി ബസ് സര്‍വീസ് ആരംഭിക്കുകയും മലബാറിലെ പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന കെ എസ് ആര്‍ ടി സി അധികൃതരുടെ ഇരട്ട നിലപാടിനെതിരെ പ്രവാസികളില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയുടെ ഇത് സംബന്ധിച്ച ഫൈസ്ബുക്ക് പോസ്റ്റിലാണ് പ്രവാസികളുടെ പ്രതിഷേധം ഉയരുന്നത്.
മലപ്പുറം ഡിപ്പോയില്‍ നിന്നും ബാംഗ്ലൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ളതും പ്രാദേശിക സര്‍വ്വീസുകളുടെയും ഉദ്ഘാടനം മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചിരുന്നു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരവധി നാട്ടുകാരും പങ്കെടുത്തിരുന്നു.
ഇക്കാര്യം മന്ത്രി കുഞ്ഞാലിക്കുട്ടി തന്റെ എഫ് ബി യില്‍ പങ്ക് വെച്ചിരുന്നു. കുറച്ചു പേര്‍ പോസ്റ്റ് അനുകൂലിച്ചപ്പോള്‍ പ്രവാസികളടക്കം നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. മലപ്പുറം ജില്ലയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടെന്നിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് എന്തിനാണെന്ന് പലരും ചോദിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനും സ്വകാര്യ പങ്കാളിത്തമുള്ള കൊച്ചി വിമാനത്താവളത്തെ സഹായിക്കാനുമാണ് ബസ് സര്‍വീസ് ആരംഭിച്ചത് എന്ന് പലരും അഭിപ്രായപ്പെട്ടു. വോട്ട് മലപ്പുറത്തും കൂറ് കൊച്ചിയിലുമാണെന്നും ചിലര്‍ പരിഹസിക്കുന്നു.
പുതിയ മലപ്പുറം – നെടുമ്പാശ്ശേരി ബസ് സര്‍വീസ് യു എ ഇ യിലുള്ള വേങ്ങര സ്വദേശിയായ ഒരു പ്രവാസി മുഖ്യമന്ത്രി വി. ഡി സതീശന് ഇ മെയില്‍ വഴി ആവശ്യപ്പെട്ടത് കൊണ്ടാണ് ആരംഭിച്ചത് എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതോടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കൊണ്ടല്ല പുതിയ നെടുമ്പാശ്ശേരി ബസ് സര്‍വീസ് എന്ന് വ്യക്തമായി. ഏതായാലും പുതിയ ബസ് സര്‍വീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല വിമര്‍ശനമാണ് ലഭിച്ചത്.
മലബാറിലെ പ്രവാസികളുടെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെയും സൗകര്യം പരിഗണിച്ച് മലബാര്‍ ജില്ലകളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കെ എസ് ആര്‍ ടി സി യുടെ ബസ് സര്‍വീസ് വേണമെന്ന് വര്‍ഷങ്ങളായി പ്രവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും കാസര്‍ഗോഡ് വരെ ഉണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസും നിര്‍ത്തിയിരിക്കുകയാണ്. പുതിയ യു ഡി എഫ് സര്‍ക്കാര്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികളും നാട്ടുകാരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
