സുൽത്താൻബത്തേരി: പതിവായി ലോട്ടറി എടുത്തിട്ടും സമ്മാനം ലഭിച്ചില്ലെന്നാരോപിച്ച് ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷി(32)നാണ് പരുക്കേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ പഞ്ചോറ സ്വദേശി ശിവകുമാറിനെ(44) തമിഴ്നാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി നൂൽപ്പുഴ പൊലീസിന് കൈമാറി.
കേരള–തമിഴ്നാട് അതിർത്തിയിലെ നമ്പ്യാർകുന്നിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സംഭവസമയത്ത് കടയിൽ വിനീത മാത്രമാണ് ഉണ്ടായിരുന്നത്. കത്തിയുമായെത്തിയ ശിവകുമാർ കുറച്ചുനേരം വിനീതയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനുപിന്നാലെ പെട്ടെന്ന് കത്തികൊണ്ട് വിനീതയുടെ തലയ്ക്ക് കുത്തുകയായിരുന്നു.
നഗര കാഴ്ചകൾ അറിയുക
കുറ്റകൃത്യ വാർത്താ റിപ്പോർട്ട്
വാർത്താ തലക്കെട്ടുകൾ
കുത്തേറ്റതിനെ തുടർന്ന് തലയ്ക്കും കഴുത്തിനും പരുക്കേറ്റ വിനീതയെ ആദ്യം ചീരാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിനീത അപകടനില തരണം ചെയ്തതായാണ് വിവരം.
റോഡിന്റെ ഇരുവശങ്ങളിലുമായി അതിർത്തി പങ്കിടുന്ന നമ്പ്യാർകുന്നിൽ തമിഴ്നാട്ടിൽനിന്നുള്ളവരെ ലക്ഷ്യമിട്ട് നിരവധി ലോട്ടറിക്കടകളുണ്ട്. തമിഴ്നാട്ടിൽ ലോട്ടറി വിൽപ്പനയില്ലാത്തതിനാൽ നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്തി ലോട്ടറി എടുക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
