ലഖ്നൗ: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കിഴക്കന്‍, മധ്യ ഇന്ത്യയിലുടനീളം പെയ്ത കനത്ത മഴയില്‍ കുറഞ്ഞത് 18 പേര് മരിക്കുകയും കൃഷിക്കും സ്വത്തുക്കള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. വ്യാപകമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.
ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ ശരാശരി 52.5 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതേസമയം, പല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.
ഉത്തര്‍പ്രദേശ്
മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിനിടെ സംസ്ഥാനത്ത് മഴ ശക്തമായതോടെ, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത അതിശക്തമായ മഴയില്‍ കുറഞ്ഞത് 17 പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംസ്ഥാനത്തെ 75 ജില്ലകളില്‍ 63 എണ്ണത്തിലും സാധാരണയിലും അധികം മഴ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 19 മടങ്ങ് അധികം മഴ സംസ്ഥാനത്ത് ലഭിച്ചതായി റിലീഫ് കമ്മീഷണര്‍ ഋഷികേശ് ഭാസ്കര്‍ യശോദ് അറിയിച്ചു. കനത്ത മഴയിലും ശക്തമായ കാറ്റിലും ഗ്രാമപ്രദേശങ്ങളിലെ വിളകള്‍ക്ക് നാശനഷ്ടമുണ്ടായി.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അമേത്തി, ബഹ്റൈച്ച്, ബന്ദ, ബരാബങ്കി, ബസ്തി, ഫത്തേപൂര്‍, ഹമീര്‍പൂര്‍, ഹര്‍ദോയി, കാണ്‍പൂര്‍ നഗര്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും, അയോധ്യയില്‍ രണ്ട് മരണവും, ലഖിംപൂര്‍ ഖേരിയില്‍ നാല് മരണവും റിപോര്‍ട്ട് ചെയ്തു.’ബഹ്റൈച്ചില്‍ മതില് ഇടിഞ്ഞുവീണതിനെ തുടര്‍ന്നും ബസ്തിയില്‍ ശക്തമായ കാറ്റും മഴയും മൂലവും ഓരോരുത്തര് വീതം മരിച്ചതായും റിപോര്‍ട്ടുണ്ട്.
ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ ശരാശരി 52.5 മി.മീ മഴ രേഖപ്പെടുത്തി. ശക്തമായ മഴയില്‍ പാടത്തുനിന്നിരുന്ന ഖാരിഫ് വിളകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. വെള്ളക്കെട്ട് നിറഞ്ഞ പാടങ്ങള്‍ കൃഷിക്ക് അനുയോജ്യമാകുന്നതിന് സമയമെടുക്കുമെന്നതിനാല്‍, വരാനിരിക്കുന്ന റാബി സീസണിലെ വിതയ്ക്കല്‍ വൈകിയേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു.
ഇന്നലെ ഉന്നാവോയിലെ ബഷിരത്ഗഞ്ച് ടോള്‍ പ്ലാസക്ക് സമീപം ഗംഗ എക്സ്പ്രസ്വേയില് ശക്തമായ വെള്ളക്കെട്ടുണ്ടായി. സംസ്ഥാനത്തിന്റെ 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയിലെ ഗതാഗതം ഇതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഉന്നാവോയില്‍ 65 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒഡീഷയിലെ 10 ജില്ലകളിലായി 73,000-ത്തിലധികം ആളുകളെ കനത്ത മഴ ബാധിച്ചതായും, 40,000-ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
തെക്കന്‍ ഒഡീഷയിലാണ് മഴ കൂടുതല്‍ നാശം വിതച്ചതെന്ന് സംസ്ഥാന റവന്യൂ-ദുരന്ത നിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. കോരാപുട്ട്, നബരംഗ്പൂര്‍, മല്‍ക്കന്‍ഗിരി, റായഗഡ, ഗഞ്ചം, ഗജപതി എന്നീ ജില്ലകളില്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി.
ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 10 ജില്ലകളിലായി 80 ബ്ലോക്കുകള്‍, 325 ഗ്രാമപഞ്ചായത്തുകള്‍, 1,071 ഗ്രാമങ്ങള്‍, 10 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 49 വാര്‍ഡുകള്‍ എന്നിവ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 721 വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കേടുപാടുകള്‍ സംഭവിക്കുകയും 4,480 ഹെക്ടര്‍ കൃഷിഭൂമിക്ക് നാശനഷ്ടം നേരിടുകയും ചെയ്തതായി സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പ്രഭാകര്‍ പാട്ടീല്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
