ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിലുള്ള റസിഡൻഷ്യൽ സൊസൈറ്റി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ ക്രൂരമായ പീഡനവും ശാരീരിക മർദനവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡൽഹിയിലെ ഷാലിമാർ വില്ലേജ് സ്വദേശിനിയായ ദീപയാണ് മരിച്ചത്.
2018 മാർച്ചിലായിരുന്നു ഡൽഹി ജനക്പുരി സ്വദേശിയായ ജിതേന്ദ്ര എന്ന ജിതിനും ദീപയും തമ്മിലുള്ള വിവാഹം. ഇവർക്ക് എട്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞയുടൻ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് ദീപയുടെ കുടുംബം പറയുന്നു. പിന്നീട് ഇവർ ഗുരുഗ്രാമിലേക്ക് മാറുകയും സോഹ്നയിലെ എംവിഎൻ സൊസൈറ്റിയിലെ ഫ്ലാറ്റിൽ താമസം ആരംഭിക്കുകയുമായിരുന്നു. കഴിഞ്ഞ ആറ് മാസമായി ജിതേന്ദ്ര ദീപയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ദീപയുടെ പിതാവ് ആരോപിച്ചു.
ഭർത്താവ് പലപ്പോഴും സുഹൃത്തുക്കളെ ഫ്ലാറ്റിലേക്ക് മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും, മദ്യലഹരിയിൽ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ദീപയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ഇതിനുപുറമെ ദീപയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് പറയുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീപയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷവും അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
