റിയാദ്: ദമാമിൽനിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വിമാന സർവീസുകളായി. എയർ അറേബ്യയുടെ നേതൃത്വത്തിലുള്ള പുതിയ സൗദി ബജറ്റ് വിമാനക്കമ്പനി സർവീസ് ആരംഭിച്ചതോടെയാണ് കിഴക്കൻ പ്രവിശ്യയിൽനിന്ന് ഈ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര സാധ്യമായത്.
റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സർവീസുകൾ വീതവും മദീനയിലേക്ക് ഒരു സർവീസുമാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും നിരക്ക് താരതമ്യം ചെയ്യാനും കൂടുതൽ അവസരം ലഭിച്ചു.
കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം ആസ്ഥാനമാക്കിയാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവർത്തനം. ഞായറാഴ്ച ദമാമിൽനിന്ന് റിയാദിലേക്കായിരുന്നു കന്നി സർവീസ്. എയർ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുൻ ഹോൾഡിങ് എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് പുതിയ വിമാനക്കമ്പനി നടത്താനുള്ള അനുമതി ലഭിച്ചത്. എയർ അറേബ്യയുടെ മാതൃകയിലുള്ള ബജറ്റ് സർവീസിൽ 174 സീറ്റുള്ള എയർബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
