റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിക്കൊണ്ട് നടത്തുന്ന ഈ ആഘോഷങ്ങളിൽ, നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ഉൾപ്പെടുന്നു.
അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ ഡിസ്ട്രിക്റ്റിലെ അൽ വാഹ ഗാർഡൻ, അൽ ജസീറ ഡിസ്ട്രിക്റ്റിലെ അൽ ജസീറ ഗാർഡൻ എന്നീ അഞ്ച് പ്രധാന പാർക്കുകളിലാണ് നഗരസഭയുടെ പ്രധാന ആഘോഷങ്ങൾ അരങ്ങേറുന്നത്. ദേശീയ തനത് പാരമ്പര്യം വിളിച്ചോതുന്ന പരിപാടികളാണ് ദീറ മേഖലയിലും റിയാദ് ഒയാസിസിലും നടക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ സന്ദർശകർക്കായി വിശാലമായ സ്വീകരണ സൗകര്യങ്ങൾക്ക് പുറമെ, പ്രധാന തിയേറ്റർ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആകർഷകമായ പരിപാടികളും സംവേദനാത്മക അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
ദീറയിൽ എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നാടൻ കലാരൂപങ്ങളും വിനോദപരിപാടികളും അരങ്ങേറും. സൗദിയുടെ പരമ്പരാഗത പാചകരീതികളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം, പരമ്പരാഗത കലകളെയും കൈത്തൊഴിലുകളെയും പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ റിയാദ് ഒയാസിസിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ആവേശമാകുന്ന സൗദി അർദ നൃത്തവും മറ്റ് നാടൻ കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കും.
നഗരത്തിലെ ജീവിതനിലവാരം ഉയർത്തി സുസ്ഥിരവും സമൃദ്ധവുമായ റിയാദ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും വളർത്തിയെടുക്കാനാണ് റിയാദ് നഗരസഭ ഇതിലൂടെ ശ്രമിക്കുന്നത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
