നീലേശ്വരം: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നീലേശ്വരത്തെ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ എടയാറ്റൂർ ചുരക്കത്ത് ഷംസാദിനെയാണ് (34) ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി പി. നിധിൻരാജ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ എന്നിവരുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് നീലേശ്വരത്തെ ജനകീയ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട് കോടികൾ തട്ടിയെടുത്തത്. പ്രതി തങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് ആദ്യം പരിചയപ്പെടുത്തിയ ശേഷം മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ 1,19,35,000 രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
46.25 ലക്ഷം അക്കൗണ്ടിൽ 9.60 ലക്ഷം മറ്റൊരു പ്രതിയുടെ അക്കൗണ്ടിലേക്ക് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-വൺ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് 9,60,000 രണ്ട് ഇടപാടുകളിലായി പ്രതിയായ എന്നയാളുടെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ഒമ്പതുലക്ഷം ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. 2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.
കാസർകോട് സൈബർ ക്രൈം ബ്രാഞ്ച് പൊലീസ് എസ്.എച്ച്.ഒ കെ. രാജീവൻ, എസ്.ഐ ടി.ടി. നൗഷാദ്, എ.എസ്.ഐമാരായ പി.കെ. രഞ്ജിത് കുമാർ, എം. ദിലീഷ്, സി.പി.ഒ കെ. വിപിൻ എന്നിവർ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
