‘വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’: യുഎഇയിലെ പ്രവാസി വ്യവസായിക്കെതിരെ പരാതിയുമായി മലയാളി യുവതി

malayalampress
2 Min Read

ദുബൈ: വിവാഹവാഗ്ദാനം നൽകി പ്രവാസി മലയാളി യുവതിയെ പീഡിപ്പിച്ചതായി പരാതി. യുഎഇയിലെ പ്രമുഖ പ്രവാസി സംഘടനയുടെ യുഎഇ നാഷനൽ കമ്മിറ്റി സെക്രട്ടറിയും ബിസിനസുകാരനുമായ ആലപ്പുഴ സ്വദേശിക്കെതിരെയാണ് യുവതി ദുബൈ പൊലീസിനും കേരള ഡിജിപിക്കും ഇ-മെയിൽ മുഖേന പരാതി നൽകിയത്. പരാതിയിൽ പ്രതി തന്നെ സാമ്പത്തികമായി കബളിപ്പിക്കുകയും തുടർന്ന് പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

സൗഹൃദം സ്ഥാപിച്ചത് സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ

തിരുവനന്തപുരം സ്വദേശിനിയായ യുവതി കഴിഞ്ഞ വർഷം ജൂലൈയിലാണ് ആലപ്പുഴ സ്വദേശി സെക്രട്ടറിയായ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. രണ്ടു കുട്ടികളുടെ അമ്മയും കുടുംബത്തിന്റെ ഏക അശ്രയവുമായ യുവതി കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കടന്നുപോയിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് ആലപ്പുഴ സ്വദേശി താനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. ബാങ്ക് വായ്പകൾ വീട്ടാമെന്നും മക്കളുടെ ഭാവി സംരക്ഷിക്കാമെന്നും താൻ വിവാഹം കഴിച്ച് കൂടെക്കൂട്ടാമെന്നും ഉറപ്പുനൽകി യുവതിയുടെ വിശ്വാസ്യത നേടിയെടുത്തു.

യുഎഇയിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് ആലപ്പുഴ സ്വദേശി യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ദുബായിലെയും കായംകുളത്തെയും വീടുകളിൽ എത്തിച്ച് പ്രലോഭിപ്പിച്ചും സമ്മർദത്തിലാക്കിയും ഒട്ടേറെ തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

മകളുടെ വിവാഹം കഴിഞ്ഞതോടെ പിന്മാറി; അധിക്ഷേപം

ബാങ്ക് വായ്പകളുടെ കാര്യത്തിലും വിവാഹത്തിലും ഉറപ്പു പാലിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന മകളുടെ വിവാഹശേഷമേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി സമയം നീട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. എന്നാൽ മകളുടെ വിവാഹശേഷവും വാഗ്ദാനങ്ങൾ പാലിക്കാതെ ഒഴിവാകാൻ തുടങ്ങി.

തുടർന്ന് ആലപ്പുഴ സ്വദേശിയുടെ ദുബായ് ഖിസൈസിലെ ബിസിനസ് സ്ഥാപനത്തിലെത്തി കാര്യം തിരക്കിയ തന്നോട് അയാൾ കയർത്തു സംസാരിക്കുകയും ആക്ഷേപിച്ച് ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഈ സ്ഥാപനത്തിലെ മറ്റ് രണ്ട് വനിതാ ജീവനക്കാരോടും വീസ തട്ടിപ്പും മാനസിക പീഡനവും നടത്തിയതായി പിന്നീട് വിവരമറിഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

അപകീർത്തി പ്രചാരണവും ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകലും

തനിക്കുണ്ടായ അനീതിയെക്കുറിച്ച് സംഘടനയുടെ മുതിർന്ന ഭാരവാഹികളോടും ആലപ്പുഴ സ്വദേശിയുടെ ബന്ധുവായ പ്രമുഖ വ്യവസായിയോടും പരാതിപ്പെട്ടെങ്കിലും അവർ തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി യുവതി പറയുന്നു. സംഭവത്തെത്തുടർന്ന് യുഎഇയിലെ പ്രവാസി സംഘടനകൾക്കിടയിലും നാട്ടിലും തനിക്കെതിരെ ലൈംഗികച്ചുവയുള്ള വ്യാജ കഥകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ആലപ്പുഴ സ്വദേശി ശ്രമിച്ചു.

ഓഗസ്റ്റ് അഞ്ചിന് ദുബായിൽ തിരിച്ചെത്തിയ യുവതി ആലപ്പുഴ സ്വദേശിയെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. ആലപ്പുഴ സ്വദേശിയെ ഒളിവിൽ പോകാൻ പ്രവാസി സംഘടനയിലെ പ്രമുഖർ സഹായിക്കുകയാണെന്നും പരാതിയിലുണ്ട്.

ജീവിതം പ്രാരാബ്ധത്തിൽ, നീതി തേടി യുവതി

വർഷങ്ങൾക്ക് മുൻപ് പിതാവ് മരിക്കുകയും ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്ത തനിക്ക് അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ നോക്കാൻ വേറെ വഴികളില്ലെന്നും ആലപ്പുഴ സ്വദേശിയുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് ചതിക്കപ്പെട്ടതെന്നും യുവതി വ്യക്തമാക്കുന്നു. തനിക്കെതിരെ നടന്ന മാനസിക, ശാരീരിക ചൂഷണങ്ങൾക്ക് തെളിവുകൾ കൈവശമുണ്ടെന്നും എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

Courtesy: manorama online

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!