സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; 6 പ്രതികൾ പിടിയിൽ

News Desk
1 Min Read

കൊച്ചി: പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിലെ 6 പ്രതികളെ പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരാൾക്കായി തിരച്ചിൽ തുടരുന്നു. 5 പേർ കവർച്ചയിൽ നേരിട്ടു പങ്കെടുത്തവരും 2 പേർ ഗൂഢാലോചനയിൽ പങ്കാളികളുമാണ്. ഇരകളും 2 പ്രതികളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് പാലാരിവട്ടത്തു വാടകവീട്ടിൽ താമസിച്ചിരുന്ന അതിഥിത്തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 10 മൊബൈൽ ഫോണും പണവും സ്വർണവും ഉൾപ്പെടെ കവർന്നത്. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ വാതിലുകൾ അകത്തുനിന്നു പൂട്ടി താമസക്കാരെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന 3 സ്ത്രീകളുടെ വസ്ത്രമഴിച്ച് പ്രതികൾ അപമാനിച്ചു.

അസമിലെ നാഗാവ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകളും 1.20 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും ഉൾപ്പെടെ പണം, എടിഎം കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ കവർന്നതായി പരാതിയിൽ പറഞ്ഞിരുന്നു.

സംസ്കാര ജംക്‌ഷനു സമീപം വാടകവീട്ടിൽ പുലർച്ചെ 12.30നും 1.15നും ഇടയിലാണു കവർച്ച നടന്നത്. സ്ത്രീകളെ വസ്ത്രം മാറ്റി അപമാനിച്ച പ്രതികൾ ഇവരുടെ സ്വർണമാലയും കമ്മലും കവർന്നു. ആകെ 6.05 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണു മോഷണം പോയത്. മോഷ്ടിക്കപ്പെട്ട എല്ലാ ഫോണുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പണത്തിന്റെ ഒരു ഭാഗവും കണ്ടെടുത്തു. 5 പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. ശേഷിക്കുന്ന മോഷണവസ്തുക്കൾ വീണ്ടെടുക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!