ഓച്ചിറ: പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയുടെ പരാതിയും. യുവതിക്കും മുഹമ്മദ് നിയാസിൽ നിന്നു സമാന രീതിയിൽ ദുരനുഭവം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്.
പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡിപ്പിച്ച സ്ഥലങ്ങളിൽ നിന്നു തെളിവു ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായിട്ടുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ 65 വയസ്സുള്ള മുത്തശ്ശിയോടൊപ്പം എത്തിയ പെൺകുട്ടിയെയാണ് 2025 ഒക്ടോബർ മുതൽ മുഹമ്മദ് നിയാസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നിയാസിന്റെ മേമനയിലുള്ള മതപഠനകേന്ദ്രത്തിൽ 9 പെൺകുട്ടികളടക്കം 40 വിദ്യാർഥികളാണ് താമസിച്ച് പഠനം നടത്തി വന്നത്. വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് കൗൺസലിങ് നടത്താനും മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടി തുടങ്ങി. സിഡബ്ല്യുസി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് ജാഗ്രത സമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മതപാഠശാല കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. പഠനകേന്ദ്രത്തിന്റെ മറവിൽ മുഹമ്മദ് നിയാസ് നടത്തിയ സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി ആർ. വിനോദ് കുമാർ, കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, ഓച്ചിറ എസ്ഐ എം.ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
