ഒക്ടോബർ 15 മുതൽ പെട്രോൾ പമ്പുകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് മധ്യപ്രദേശിലെ പമ്പുടമകള്‍. പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) മൂലം ഉണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഡിആര്‍ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ മുംബൈയിലും പമ്പുമടകള്‍ പ്രതിഷേധത്തിലാണ്.
കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തെ പമ്പുടമകള്‍ എതിർക്കുന്നുവെന്ന് അസോസിയേഷന് വ്യക്തമാക്കി. ഇന്ധന വിൽപ്പനയുടെ വലിയൊരു ഭാഗം യുപിഐ വഴിയാണ് നടക്കുന്നതെന്നും എംഡിആര്‍ കാരണം ലാഭവിഹിതം നഷ്ടപ്പെടുമെന്നും അസോസിയേഷൻ പ്രസിഡന്റ് അജയ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് 4700 ഡീലര്‍മാരാണുള്ളത്. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ പണമായി മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് പമ്പുമടകള്‍ അറിയിച്ചു.
ഇന്ധന റീട്ടെയില്‍മാരെ എംഡിആർ നിരക്കിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ നിർത്തിവെക്കുമെന്ന് മുംബൈയിലെ പെട്രോൾ പമ്പ് ഡീലർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് തീരുമാനമെങ്കിലും പെട്രോള്‍ പമ്പുകള്‍ക്ക് അഞ്ചു രൂപ ഫ്ലാറ്റ് നിരക്കിലാണ് എംഡിആര്‍ ഈടാക്കുക. റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യവും കുറഞ്ഞ ലാഭവിഹിതവുമുള്ള മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 5 രൂപ നിരക്കിൽ ഫ്ലാറ്റ് നിരക്ക് ഈടാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകള്‍ക്ക് നിരക്ക് 0.02 ശതമാനമായിരിക്കും എംഡിആര്‍.
മറ്റു ഇടപാടുകള്‍ക്ക് 2,000 രൂപയിലധികമുള്ള തുക യുപിഐ വഴി സ്വീകരിക്കുമ്പോള്‍ വ്യാപാരിയില്‍നിന്ന് തുകയുടെ 0.4 ശതമാനമാണ് മെര്‍ച്ചന്റ് ഡിസ്്കൗണ്ട് റേറ്റായി ഇടാക്കുക. അതായത് ഒരിടപാടിന് കുറഞ്ഞത് എട്ടു രൂപ വ്യാപാരിയില്‍നിന്ന് ഈടാക്കും. 75,000 രൂപയോ അതിൽ കൂടുതലോ യുപിഐയില്‍ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
