തെഹ്റാൻ: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകൾ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ. മധ്യസ്ഥരായ ഖത്തർ, പാകിസ്താൻ എന്നിവര്‍ മുഖേനയാണ് അമേരിക്കയെ അറിയിച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി.
എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള നിബന്ധനകളും മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള ഇറാന്‍റെ വ്യവസ്ഥകൾ അംഗീകരിക്കുന്നതാണ് വാഷിംഗ്ടണിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് വാഷിംഗ്ടണോടുള്ള തന്ത്രം മാറ്റേണ്ടതിന്‍റെ ആവശ്യകത ഇറാന് ബോധ്യമായത് . ഇറാനെക്കുറിച്ചുള്ള ട്രംപിന്‍റെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും തെറ്റാണ്. യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ആണ്. അമേരിക്കൻ സൈന്യത്തിന്റെ ദൗർബല്യങ്ങൾ ഇറാന് അറിയാം. യുഎസ് വിമാനവാഹിനിക്കപ്പലിന് സമീപം അടുത്തിടെ കപ്പൽ വിരുദ്ധ മിസൈൽ പരീക്ഷിച്ചു”. ഇറാനെതിരെ ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങളെയും മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളെയും കൂടുതൽ ശക്തമായി ആക്രമിക്കുമെന്ന് റെസായി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
