വിവാഹത്തിന് ഒരു മാസം മാത്രം; യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി

News Desk
2 Min Read

ന്യൂഡൽഹി: ഗുരുഗ്രാമിൽ ഡൽഹി സ്വദേശിയായ യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി. യുവ്‌രാജ് സിങ് മൻചന്ദ (31) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അടുത്ത മാസം യുവ്‌രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സെപ്റ്റംബർ ആറിന് വിവാഹവസ്ത്രം വാങ്ങാൻ സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലാജ്പത് നഗർ മാർക്കറ്റിലെത്തിയതാണ് യുവ്‌രാജ്. ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി വൈകിട്ട് 4.15 ഓടെ അവർ ഗോൾഡൻ ഡ്രാഗൺ റസ്റ്ററന്റിലെത്തി. അൽപസമയത്തിനകം, ഗുരുഗ്രാമിലെ തന്റെ മുൻ സഹപ്രവർത്തകയെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന് സഹോദരിമാരോട് പറഞ്ഞശേഷം യുവ്‌രാജ് പോകുകയായിരുന്നു. സഹോദരിമാർ ടാക്സിൽ തിരികെപ്പോയി.

രാത്രി 10 മണിയോടെ തിരിച്ചെത്തുമെന്നാണ് യുവ്‌രാജ് വീട്ടുകാരെ അറിയിച്ചത്. എന്നാൽ പറഞ്ഞ സമയത്തിനുശേഷം യുവ്‌രാജ് തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും സാധിച്ചില്ല. രണ്ടു ദിവസത്തിനുശേഷം സെപ്റ്റംബർ 8ന് യുവ്‌രാജിന്റെ ഫോണിൽനിന്ന് വീട്ടുകാർക്ക് വാട്സാപ് സന്ദേശം ലഭിക്കുകയും തുടർന്ന് ഫോൺ വീണ്ടും ഓഫ് ആകുകയും ചെയ്തു. 11ന് യുവ്‌രാജിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവ്‌രാജിന്റെ ഫോണിൽനിന്ന് അവസാനം കോൾ പോയിട്ടുള്ള വാട്സ് എന്ന മുൻ സഹപ്രവർത്തകയിലേക്ക് അന്വേഷണം എത്തുന്നത്. ഇവരുടെ ഫോൺ ഓഫ് ആയിരുന്നതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും യുവ്‌രാജിന്റെയും വാട്സിന്റെയും ഓഫിസുകളിൽ അന്വേഷണം നടത്തിയുമാണ് തെളിവുകൾ ശേഖരിച്ചത്. തുടർന്ന് ഇവരെയും പങ്കാളിയെയും ഉത്തരാഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, യുവ്‌രാജിനെ കൊന്ന് മൃതദേഹം അവരുടെ വീടിനു സമീപമുള്ള ഓടയിൽ മറവു ചെയ്ത വിവരം പ്രതികൾ പൊലീസിനോടു വെളിപ്പെടുത്തി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം പ്രതികൾ മറച്ചുവയ്ക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

സെപ്റ്റംബർ 10ന് ഗുരുഗ്രാം പൊലീസിന് യുവ്‌രാജിന്റെ മൃതദേഹം ലഭിച്ചുവെന്നും എന്നാൽ, ഇക്കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് സെപ്റ്റംബർ 14ന് പൊലീസ് അജ്ഞാത മൃതദേഹമെന്ന പേരിൽ മൃതദേഹം സംസ്കരിച്ചു. മൃതദേഹം സംസ്കരിച്ച് രണ്ടു ദിവസത്തിനുശേഷമാണ് തങ്ങളെ വിവരമറിയിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. യുവ്‌രാജിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ റിപ്പോർട്ട്, ഡിഎൻഎ സാംപിൾ, യുവ്‌രാജിന്റെ വസ്തുക്കൾ എന്നിവ കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!